കൊച്ചി.സിനിമാ നടനും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ നില വീണ്ടും ഗുരുതരമാകുകയായിരുന്നു.
ആ ചിരി മാഞ്ഞു;
⭕️മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു. സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി.
1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം ഏറെ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് പേരെടുത്തു. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള സിനിമ താര സംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് പദവിയിൽ 12 വർഷം തുടർന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു. ചില സിനിമകളിൽ പാടുകയും ചെയ്തു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
മികച്ച എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്കുപിന്നിൽ (ആത്മകഥ), കാൻസർവാർഡിലെ ചിരി എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം.