ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച് കോട്ടക്കലില്‍ നാളെ സ്വകാര്യബസ് സമരം
പണി പൂര്‍ത്തിയായ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ബസുടമകളും തൊഴിലാളികളും സൂചന സമരം നടത്തും.
വിഷയത്തില്‍ അനുകൂല തീരുമാനം ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രയാസത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ശൗചാലയംപോലുമില്ല.
പ്രവൃത്തി ആരംഭിച്ചതോടെ സ്റ്റാന്‍ഡിന്‍റെ പിറകിലെ സ്വകാര്യസ്ഥലത്താണ് ബസുകള്‍ താല്‍ക്കാലികമായി പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒന്നിന് ഈ സ്ഥലം അടച്ചുപൂട്ടി. ഇതോടെ സ്റ്റാന്‍ഡിന്‍റെ പിറകിലെ റിങ് റോഡില്‍ പാര്‍ക്ക് ചെയ്യാനാണ് അധികൃതരുടെ നിര്‍ദേശം.
എന്നാല്‍, ഇവിടെ സ്വകാര്യവാഹനങ്ങളും മറ്റും നിര്‍ത്തിയിടുന്നതിനാല്‍ സമയത്തിന് സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് വളരെ പ്രയാസമാണെന്ന് ഇവര്‍ പറയുന്നു. നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് സൂചനസമരം. നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ചും നടത്തും. എം.സി. കുഞ്ഞിപ്പ, യൂസുഫ് വടക്കന്‍, ശിവാകരന്‍, റാഫി, എം.സി. കുഞ്ഞിപ്പ, മൊയ്തീന്‍കുട്ടി, കെ.കെ. റഊഫ്, മാനു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ഓട്ടോ പാർക്ക് ചെയ്യാൻ ബസ് ജീവനക്കാർ സമ്മതിക്കുന്നില്ലെന്ന്.
കോട്ടയ്ക്കൽ: പുതിയ ബസ്‌സ്റ്റാൻഡിനു പടിഞ്ഞാറുവശത്ത് അനുവദിച്ച സ്ഥലത്ത് പാർക്ക് ചെയ്യാൻ ബസ് ജീവനക്കാർ സമ്മതിക്കുന്നില്ലെന്ന് ഓട്ടോറിക്ഷാ തൊഴിലാളികൾ.സ്വതന്ത്ര മോട്ടർ ആൻഡ് എൻജിനീയറിങ് തൊഴിലാളി യൂണിയൻ (എസ്എംടിയു) മുനിസിപ്പൽ കമ്മിറ്റി ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
സ്റ്റാൻഡ് തുറക്കുന്നതുവരെ 5 ഓട്ടോറിക്ഷകൾക്കു ഇവിടെ പാർക്ക് ചെയ്യാൻ നഗരസഭ അനുമതി നൽകിയതാണ്. താൽക്കാലിക സ്‌റ്റാൻഡ് അടച്ചതോടെ ബസ് ജീവനക്കാർ ഈ ഭാഗത്ത് നോ എൻട്രി ബോർഡ് വച്ചു. എന്നാൽ, ബസുകൾ ഇതുവഴി പോകുന്നുമുണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഭാരവാഹികളായ എം.കെ.മൊയ്തീൻ കുട്ടി മോൻ, വി.കെ. കുട്ട്യാലി, എം.സി. മൊയ്തീൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റ്
കോട്ടക്കലിലെ ബസ് സമരം പിൻവലിച്ചു
കോട്ടയ്ക്കലിൽ ബസ് സ്റ്റാന്റ് വിഷയവുമായി ബന്ധപ്പെട്ട് നാളെ നടത്താൻ തീരുമാനിച്ച സ്വകാര്യ ബസ് സമരം പിൻവലിച്ചു. പോലീസ് നഗരസഭാധികൃതർ എന്നിവർ ബസുടമകളും ജീവനക്കാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ