വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..!
*പാറശ്ശാല സ്വദേശി ഷാരോണിന്റെ മരണത്തിൽ വഴിത്തിരിവ്. ബി.എസ്.സി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെൺസുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെൺകുട്ടിയുടെ കുറ്റസമ്മതം. തമിഴ്‌നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.*
*മുന്‍കാമുകനെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് പിന്നീട് ഷാരോണ്‍ ശല്യമാകുമെന്ന് ഉറപ്പിച്ചിരുന്നു. അതേസമയം, കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും വീട്ടിൽവെച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി. ആദ്യ ഭർത്താവ് തന്റെ മകനാണെന്നും ഷാരോണിന്റെ അമ്മ.*
*സംഭവത്തിനു പിന്നാലെയാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. ഇതിനു പിന്നാലെ സംശയം ഉണർത്തുന്ന തരത്തിൽ പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ അന്വേഷണത്തിന്റെ തുടക്കംതൊട്ടു തന്നെ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ശബ്ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറൽ എസ്.പി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി കുറ്റം സമ്മതിച്ചിരിക്കുന്നത്.
അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ തന്നെ നടപടികളുമാരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അതിനിടയിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തുന്നത്. പെൺകുട്ടി പാറശാല പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ഇതിൽ നിന്ന് തന്നെ പെൺകുട്ടിയാവാം കുറ്റവാളിയെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് ജ്യൂസ് ചലഞ്ച് നടത്തിയതും സംശയമുണ്ടാക്കിയിരുന്നു. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു.
ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപ അറിയിച്ചിരുന്നു. ഷാരോൺ പൊലീസിനോട് സംശയങ്ങളില്ലെന്നാണ് പറഞ്ഞിരുന്നത്. ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്‌സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്‌സാപ്പിൽ പറയുന്നുണ്ട്.
ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്. 2 കുപ്പി ശീതള പാനീയം ഷാരോണിനെ കുടിപ്പിച്ചാണ് പെൺകുട്ടി ചലഞ്ച് നടത്തിയത്. പുറത്തു വന്ന വീഡിയോയിലെ ചലഞ്ച് ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപാണ് നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ