മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ  വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി 12 വയസുകാരൻ അൽ അമീനെ കഴിഞ്ഞ ദിവസം രാവിലെ കാണാതായി. വെളുമ്പിയംപാടത്തെ വീട്ടിൽ നിന്നും മദ്രസയിലേക്കാണെന്നും പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. 
കുട്ടി തിരിച്ചെത്താതോടെ ബഹളമായി,  തിരച്ചിലായി. മദ്രസയിലും പരിസര പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതോടെ വിവരം പൊലീസിനെ അറിയിച്ചു. സംഭവമിറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ 10 കിലോമീറ്റർ അപ്പുറത്തുള്ള പാതിരിപ്പാടത്തു വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് അനുനയിപ്പിച്ച് സ്റ്റേഷനിൽ കൊണ്ടുവന്നു.
അസ്വസ്ഥനായി കാണപ്പെട്ട അൽ അമീന് പൊലീസുകാർ ചോക്ലേറ്റ് നൽകി അനുനയിപ്പിച്ചു.  സൗഹൃദത്തിൽ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് അവൻ പറയുന്നത്. 
"കൂട്ടുകാർക്കെല്ലാം സൈക്കിളുണ്ട്. എനിക്ക് മാത്രം സൈക്കിൾ ഇല്ല." - വീട് വിട്ടിറങ്ങാൻ കാരണം അതായിരുന്നു. 
" വീട്ടിൽ പഴയൊരു  സൈക്കിൾ ഉണ്ട്.  പക്ഷെ അത് ചവിട്ടാൻ പറ്റില്ല. പുതിയത് വാങ്ങാൻ അച്ഛനും അമ്മക്കും നിവൃത്തിയില്ല." - അൽ അമീൻ പറഞ്ഞു.  അമീന്റെ അച്ഛൻ കൂലിപ്പണിക്കാരനാണ്. അമ്മ തൊഴിലുറപ്പ് ജോലിക്കും പോകുന്നുണ്ട്. 
അവന്റെ  സങ്കടം മനസിലാക്കിയ പൊലീസ് ഇൻസ്‌പെക്ടർ കെ.ടി.ശ്രീനിവാസൻ കുട്ടിയെ സമാധാനിപ്പിച്ചു. 
"മോന് സൈക്കിളല്ലേ വേണം ? അതിനിങ്ങനെ വീട് വിട്ടിറങ്ങിയാൽ എങ്ങനെ ? അച്ഛനും അമ്മയും സങ്കടപ്പെടില്ലേ ?" -  ശ്രീനിവാസന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസുകാർ പണം പിരിച്ചെടുത്ത്  കുട്ടിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകി. 
സൈക്കിളുമായി സന്തോഷത്തോടെ അവൻ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി.  ഇനി ഇങ്ങനെ വീടുവിട്ടിറങ്ങരുതെന്നും എന്ത് വിഷമം വന്നാലും രക്ഷിതാക്കളെ അറിയിക്കണമെന്നും പൊലീസുദ്യോഗസ്ഥർ  അൽ അമീനെ പറഞ്ഞ് മനസിലാക്കി. 
ഒടുവിൽ പോലീസിനും നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ സമാധാനം.
#keralapolice
  
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ