◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്.
◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ റോഡിന് ഇരുവശത്തും അനേകം പ്രവര്‍ത്തകരും നാട്ടുകാരും കാത്തുനിന്നു. ഉച്ചയ്ക്കു പൗരപ്രമുഖരുമായും ജനകീയ സമര നേതാക്കളുമായും രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 14 വരെ തിരുവനന്തപുരം ജില്ലയിലാണു പര്യടനം.
◾കേരളത്തില്‍ ബിജെപിയുടെ കര്‍മപദ്ധതികളിലും വളര്‍ച്ചയിലും അതൃപ്തി പ്രകടിപ്പിച്ച് ബിജെപി. കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് നരേന്ദ്രമോദി നീരസം പ്രകടിപ്പിച്ചത്. കടലാസിലുള്ള കാര്യങ്ങള്‍ പ്രവൃത്തിയിലില്ലെന്നു വിലയിരുത്തി. അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.
◾നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. എ.എന്‍. ഷംസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അന്‍വര്‍ സാദത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
◾ഓണാവധി തീര്‍ന്ന് ഓഫീസുകളും വിദ്യാലയങ്ങളും ഇന്നു തുറക്കും. യഥാസമയം എത്തുന്നതിന് ഇന്നലെ മുതല്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ വന്‍തിരക്ക്. ടിക്കറ്റ് കൗണ്ടറുകള്‍ക്കു മുന്നില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു.
◾തൃശൂരില്‍ പുലിക്കളി കാണാന്‍ ജനസഹസ്രങ്ങള്‍. സ്ത്രീകളും കുട്ടികളും അടക്കമുള്ള പുരുഷാരത്തിനിടയിലൂടെ പുലികള്‍ തുള്ളിയാടിയപ്പോള്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. അഞ്ചു ടീമുകളിലായി മുന്നൂറോളം പുലിവേഷധാരികളാണു നൃത്തമാടിയത്. മനോഹരമായ നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു.
◾ആറന്മുള ഉത്രട്ടാതി ജലമേളയില്‍ മല്ലപ്പുഴശ്ശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു. ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടം വിജയം നേടി. ആവേശം ഒട്ടും ചോരാതിരുന്ന മത്സരത്തില്‍ എ ബാച്ചില്‍ മല്ലപ്പുഴശ്ശേരി, കുറിയന്നൂര്‍, ളാക-ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്.
◾എറണാകുളം റെയില്‍വേ ജംഗ്ഷന്‍ സ്റ്റേഷന്‍ പൊളിച്ച് രാജ്യാന്തര നിലവാരത്തിലാക്കി പുതുക്കി പണിയുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഭാഗികമായി പൊളിക്കല്‍ ആരംഭിക്കും. 229 കോടി രൂപ മുടക്കി മൂന്നു വര്‍ഷത്തിനകം പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും.
◾ഒമാനില്‍നിന്ന് കേരളത്തിലേക്കുള്ള നിരവധി ഫ്ളൈറ്റുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങിളില്‍നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് മസ്‌കറ്റിലേക്കുള്ള ഒരു സര്‍വീസിന്റെ സമയം മാറ്റിയിട്ടുമുണ്ട്. മംഗലാപുരത്തുനിന്നുള്ള ഒരു സര്‍വീസും റദ്ദാക്കി.
◾ഓണാഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഇന്ന് വര്‍ണാഭമായ സാസ്‌കാരിക ഘോഷയാത്ര. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. 76 ഫ്ളോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.
◾സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപന സമ്മേളനത്തിലേക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ക്ഷണമില്ല. ഉദ്ഘാടന സമ്മേളനത്തിലും ഗവര്‍ണറെ പങ്കെടുപ്പിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറെ എല്ലാ പരിപാടികളില്‍നിന്നും തഴഞ്ഞത്.
◾ആഭ്യന്തര വകുപ്പിനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിനു നാണക്കേടാണെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ രൂപീകരണ ചര്‍ച്ചയ്ക്കിടയിലാണ് ഈ വിമര്‍ശനം.
◾മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കണമെന്ന് പോലീസ്. തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് പൊലീസ് തീരുമാനം.
◾നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്തിയില്ല. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ.ഇ. മാമന്റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടം കാത്തുനിന്നു. ജാഥയുമായി നിംസ് ആശുപത്രിക്കു മുന്നിലൂടെ നടന്നു പോയ രാഹുല്‍ ഗാന്ധി എത്താതിരുന്നത് നീരസത്തിന് ഇടയാക്കി.
◾ക്യാന്‍സര്‍ രോഗിയായ വയോധികയെ സംരക്ഷിക്കാന്‍ കഴിയാത്തതിനു കൊലപ്പെടുത്തിയതിനു ചെറുമകനെ അറസ്റ്റ് ചെയ്തു. കൊല്ലം കോക്കാട് സ്വദേശി പൊന്നമ്മയെ കൊലപ്പെടുത്തിയതിന് ചെറുമകന്‍ സുരേഷ് കുമാറാണ് പിടിയിലായത്. സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെ ദുരൂഹതയുണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തലയ്ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സംശയം തോന്നിയ സുരേഷ്‌കുമാറിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്.
◾കണ്ണൂരില്‍ എടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയില്‍ ട്രെയിനിനുനേരെയുണ്ടായ കല്ലേറില്‍ പന്ത്രണ്ടു വയസുകാരിക്ക് പരക്ക്. വെകുന്നേരം അഞ്ചിന് മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിനുനേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്തുനിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്ന കീര്‍ത്തന എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്.
◾ഗിരിജയുടെ കല്യാണം നടത്തിയത് മുസ്ലീം ലീഗുകാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍. വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ അന്തേവാസിയായ ഗിരിജ (19) യുടെ കല്യാണമായിരുന്നു ഇന്നലെ. എടയൂരിലെ ബാലന്റെ മകന്‍ രാകേഷാണ് വരന്‍. മനാട്ടിപറമ്പിലെ മുസ്ലിം ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങി നാട്ടുകാരുടെ സഹകരണത്തോടെ സ്വര്‍ണാഭരണങ്ങും വിവാഹ വസ്ത്രങ്ങളും സമ്മാനിച്ചു. സദ്യയും നല്‍കി. പറമ്പില്‍ പടി അമ്മാഞ്ചേരി ക്ഷേത്രത്തിലായിരുന്നു മിന്നുകെട്ട്. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
◾വര്‍ക്കലയില്‍ വീടിനു മുന്നില്‍ ബഹളംവച്ചതു ചോദ്യം ചെയ്ത വയോധികനെ വെട്ടിയ ഫാന്റം പൈലി എന്ന ഷാജിയെ പോലീസ് തെരയുന്നു. കൂരയ്ക്കണ്ണി ആമിന മന്‍സിലില്‍ ഹാഷിമിനെയാണ് രാത്രി ഒമ്പതോടെ വീടിനു മുന്നില്‍ വെട്ടിയത്.
◾പത്തനംതിട്ട കടമ്മനിട്ട സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോഴിക്കോട് മാങ്കാവ് സ്വദേശി ഫാസിലിനെ (26)യാണ് പിടികൂടിയത്.
◾കണ്ണൂരില്‍ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ മാണിയൂര്‍ സ്വദേശി ഹിബ മന്‍സിലില്‍ മന്‍സൂര്‍ ആണ് വളപട്ടണം പാലത്തില്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്.
◾വാളയാറില്‍ എക്‌സൈസ് 14.250 കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികളെ പിടികൂടി. കാന്തമാല്‍ സ്വദേശി റൂണ കഹാര്‍, ഗഞ്ചം സ്വദേശി രബീന്ദ്ര പാത്ര എന്നിവരാണ് പിടിയിലായത്.
◾കോഴിക്കോട് കൊടുവള്ളി എരഞ്ഞോണ പൂനൂര്‍ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കട്ടിപ്പാറ ചമല്‍ സ്വദേശി കൊട്ടാര പറമ്പില്‍ കരീമിന്റെ മൃതദേഹമാണ് പുഴയിലൂടെ ഒഴുകിയത്തിയത്. പോലീസ് കേസെടുത്തു.
◾കല്യാണം കഴിക്കണമെന്നും ഒരു തമിഴ് വധുവിനെ കണ്ടെത്തിത്തരട്ടേയെന്നും തമിഴ്നാട്ടിലെ കന്യാകുമാരിയിലുള്ള തൊഴിലുറപ്പു തൊഴിലാളി സ്ത്രീകള്‍ രാഹുല്‍ഗാന്ധിയോട്. എഐസിസി ജനറല്‍ സെക്രട്ടറി ഫോട്ടോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്.
◾ഡല്‍ഹിയിലെ രാജ്പഥിനെ കര്‍ത്തവ്യപഥ് എന്നു മാറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനെ കര്‍ത്തവ്യസ്ഥാന്‍ എന്നാക്കി മാറ്റുമോയെന്ന് പരിഹസിച്ച് ശശി തരൂര്‍ എംപി. രാജ്ഭവനുകളെ കര്‍ത്തവ്യഭവന്‍ എന്നാക്കി മാറ്റണമെന്നും അദ്ദേഹം ട്വിറ്റു ചെയ്തു.
◾ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ഇനി പുനസ്ഥാപിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ്. വോട്ടിനായി താന്‍ ആരെയും തെറ്റിദ്ധരിപ്പിക്കില്ല. നടപ്പാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തു ദിവസത്തിനകം പാര്‍ട്ടി പ്രഖ്യാപിക്കും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും കോണ്‍ഗ്രസ് തകരുകയാണ്. തന്നെ അനുകൂലിക്കുന്നവരുടെ റാലിയിലാണ് ഇങ്ങനെ പറഞ്ഞത്.
◾മേഘാലയയില്‍ ജയില്‍ ചാടിയ ആറു പേരില്‍ നാലു പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു പൊലീസ്. ജോവായ് ജയിലില്‍നിന്ന് രക്ഷപ്പെട്ട ഇവരെ ഷാങ്പുങ് ഗ്രാമത്തില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നെന്നാണ് പൊലീസ് പറയുന്നത്.
◾ദ്വാരകാപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി. 99 വയസായിരുന്നു. മധ്യപ്രദേശ് നര്‍സിംഗ്പൂരിലെ ശ്രീധം ജോതേശ്വര്‍ ആശ്രമത്തിലായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചിച്ചു.
◾സ്‌കൂളില്‍ പതിനഞ്ചുകാരിയെ ലൈംഗികാതിക്രമം നടത്തിയതിന് പ്യൂണിനെ പൊലീസ് അറസ്റ്റുചെയ്തു. സൗത്ത് മുംബൈയിലാണ് സംഭവം. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണു നടപടി.
◾നോയിഡയില്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിന് ആഡംബര ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച മുപ്പത്തെട്ടുകാരി കോളജ് അധ്യാപിക സുതപ ദാസ് അറസ്റ്റില്‍. ക്ലിയോ കൗണ്ടി ഫ്ളാറ്റിലാണ് സംഭവം.
◾റഷ്യയില്‍നിന്ന് ഒരു നഗരംകൂടി യുക്രെയിന്‍ പട്ടാളം തിരിച്ചുപിടിച്ചു. യുദ്ധോപകരണങ്ങള്‍ ഉള്‍പെടെയുള്ളവയുടെ സംഭരണ കേന്ദ്രമാക്കിയിരുന്ന ഇസിയം നഗരത്തില്‍നിന്ന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ഉപേക്ഷിച്ച് റഷ്യന്‍ പട്ടാളം പിന്മാറിയതോടെയാണ് യുക്രെയിന്‍ സൈന്യം ഇവിടെ കൊടിയുയര്‍ത്തി.
◾ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് കിരീടം. ഇന്നലെ നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്താണ് ശ്രീലങ്ക തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ വാനിന്ദു ഹസരംഗയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ലങ്കയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്.
◾ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയതി അടിസ്ഥാനത്തില്‍ തെരയാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്. ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയതി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. തീയതി തെരഞ്ഞെടുത്താല്‍ പ്രസ്തുത തീയതിയില്‍ വന്ന സന്ദേശങ്ങള്‍ കാണാം. ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ