നിയമ ലംഘനങ്ങൾ തടയാന്‍ ജില്ലയിലെ എഐ ക്യാമറകൾ പ്രവർത്തന സജ്ജമായി.
വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്
വേങ്ങര: ജില്ലയിലെ പ്രധാന റോഡുകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ പ്രവർത്തന സജ്ജമായി. ജൂൺ മുതലുള്ള നിയമ ലംഘനങ്ങൾക്ക് ഈ മാസം 8ന് നോട്ടിസ് അയച്ചു തുടങ്ങി. നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ തെളിച്ചമുള്ള ചിത്രങ്ങളും വിവരങ്ങളും മോട്ടർ വാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ എത്തി കഴിഞ്ഞു.
ഓഫിസിൽ കംപ്യൂട്ടറുകളും മറ്റും സ്ഥാപിക്കുന്ന ജോലി കഴിഞ്ഞതോടെ പ്രത്യേക സോഫ്റ്റ്‌വെയറിൽ ശേഖരിച്ച വിവരങ്ങൾ പരിശോധിക്കുന്ന പണി ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളുടെ അനുമതി ലഭിച്ചാലുടൻ നോട്ടിസ് അയയ്ക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ അധികൃതർ പറഞ്ഞു.
രാപകൽ നിരീക്ഷണത്തിനായി വേങ്ങര കുറ്റാളൂർ,കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിൽ ഉൾപ്പെടെ 48 ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്.
ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുമുള്ള വാഹനമോടിക്കൽ തുടങ്ങിയ കാര്യങ്ങൾ ഈ ക്യാമറകളിലൂടെ കണ്ടെത്താൻ കഴിയും. നിയമം ലംഘിച്ചവർക്ക് ആദ്യം എസ്എംഎസ് സന്ദേശം ലഭിക്കും. പിന്നീട് ഇവരുടെ പേരിൽ പിഴ നോട്ടിസ് അയയ്ക്കും.
എല്ലാ വിവരങ്ങളും പരിവാഹൻ സൈറ്റുമായി ബന്ധിപ്പിക്കുന്നതിനാൽ വിവരങ്ങൾ അതിൽ അപ്ഡേറ്റ് ചെയ്യും. പിഴ ഓൺലൈനായി അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റും അടയ്ക്കന്നതിന് 30 ദിവസം വരെ സമയമുണ്ട്. നിശ്ചിത സമയം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും. പിന്നീട്, കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി പിഴ നൽകേണ്ടി വരും.
അതേസമയം, ക്യാമറ സ്ഥാപിച്ച സ്ഥലം നോക്കിവച്ച് തടിയൂരാനും സാധിക്കില്ല. എല്ലാ ദിവസവും ഒരേ സ്ഥലത്താകില്ല ക്യാമറ. അപകടമേഖലകൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ മാറുന്നതനുസരിച്ച് ക്യാമറകളുടെ സ്ഥാനവും മാറും. കേബിളുകൾക്കു പകരം മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ക്യാമറ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്.
ഒറ്റനോട്ടത്തിൽ കാണുന്ന നിയ മലംഘനങ്ങൾക്കാണ് ക്യാമറകൾ വഴി പിഴ ചുമത്തുന്നത്. കൂടുതൽ ക്രമക്കേടുകൾ കണ്ടെത്താനുള്ള നടപടികൾ പിന്നീട് ഉണ്ടാകുമെന്ന് വകുപ്പധികൃതർ പറയുന്നു.
*പിഴത്തുക ഇങ്ങനെ*
▪️ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിച്ചാൽ - 500 രൂപ.
▪️യാത്രചെയ്യുന്ന രണ്ടുപേരും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ - 1,000 രൂപ.
▪️രണ്ടിൽ കൂടുതൽ പേർ ബൈക്കിൽ സഞ്ചരിച്ചാൽ - 1,000.
▪️മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചാൽ – 2,000 രൂപ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ