12 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച പ്രതിയെ മൂന്ന് മണിക്കൂറുകൊണ്ട് വേങ്ങരയിൽ നിന്ന് പിടികൂടി.വേങ്ങര: പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശിയെ മൂന്നു മണിക്കൂറിനകം വേങ്ങരയിൽ നിന്ന് പിടികൂടി. 

തൃശൂർ കണിമംഗലത്ത്  പ്രവര്‍ത്തിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ ബപന്‍ യഷുവിന്റെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്നാണ് ജോലിക്കാരനായ റിജുവാന്‍ മല്ലിക്ക് (24) ഇന്ന് വെളുപ്പിന് ആഭരണങ്ങളുമായി കടന്നു കളഞ്ഞതായി ഉടമ പോലീസിൽ പരാതിപ്പെട്ടത്. 

പോലീസ് സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് പ്രതിയുടെ ലൊക്കേഷന്‍ പരിശോധിച്ചു. രാവിലെ ഏഴു മണിയോടെ ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും അപ്പോള്‍ ചങ്ങരംകുളം ആയിരുന്നു ലൊക്കേഷന്‍ എന്നും മനസ്സിലായി. പ്രതി കേരളം വിട്ടിട്ടില്ലെന്നു മനസ്സിലായതോടെ പൊലീസ് ചങ്ങരംകുളം ഭാഗത്തുള്ള സ്വര്‍ണ പണിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുമായി പരാതിക്കാരുടെ സഹായത്തോടെ ബന്ധപ്പെട്ടു. പ്രതിയുടെ ഫോട്ടോയും ഡ്രസ്സും അടക്കമുള്ള വിശദാംശങ്ങളും കൈമാറി. ഇതിനിടെ പ്രതി റിജുവാന്‍ ബംഗാളിലുള്ള തന്റെ സുഹൃത്തിനോട് താന്‍ വേങ്ങരയിലേക്ക് പോയികൊണ്ടിരിക്കുകയാണ് എന്ന് സംസാരത്തില്‍ പറഞ്ഞിരുന്നു. ഇതും അന്വേണത്തെ സഹായിച്ചു.
മോഷ്ടിച്ച സ്വര്‍ണവുമായാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ല.

പ്രതിയുടെ ബംഗാളിലുള്ള സുഹൃത്തുക്കളുമായും പൊലീസ് ഇതിനകം ബന്ധപ്പെട്ടു. വേങ്ങര  ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയിലാണ് പോകുന്നത് എന്ന വിവരം കൂടി ലഭിച്ചതോടെ ഉടന്‍ തന്നെ നെടുപുഴ ഇന്‍സ്പെക്ടര്‍ ദിലീപ്, വേങ്ങര പൊലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ട് എസ്ഐക്ക് ഫോട്ടോയുംവിശദാംശങ്ങളും അയച്ചുകൊടുത്തു.

തുടര്‍ന്ന് ‍ വേങ്ങര പോലീസ് ബസ്റ്റാന്‍ഡില്‍ മഫ്തിയില്‍ പ്രതിയെ കാത്തു നിൽക്കുകയായിരുന്നു. 

എന്നാല്‍ പ്രതി, ബസ് സ്റ്റാന്‍ഡിലേക്ക് പോകാതെ വേങ്ങരയിലുള്ള ബംഗാളി സ്വദേശിയായ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. 

എന്നാല്‍ ആഭരണ പണിക്കാരനായ സുഹൃത്തിനും റിജുവാന്‍, മോഷ്ടിച്ച സ്വര്‍ണവുമായാണ് വരുന്നതെന്ന വിവരം ലഭിച്ചിരുന്നു. ഇതോടെ റിജുവാനെ അവിടെ തടഞ്ഞുവെച്ചു. നെടുപുഴ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അനുദാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ജോര്‍ജ് എന്നിവര്‍ തൊട്ടു പിറകെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.