തിരുവന്തപുരം: യുഡിഎഫ് സമരത്തില്‍ മുസ്ലീം ലീഗിന്റെ കൊടി വിലക്കിയതായി പരാതി. സമര വേദിയില്‍ കെട്ടിയ ലീഗിന്റെ കൊടി കോണ്‍ഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീര്‍ ആരോപിച്ചു. ലീഗിന്റെ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാന്‍ പറഞ്ഞതായും നസീര്‍ ആരോപിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സനല്‍കുമാറിനെതിരായണ് പരാതി. തിരുവനന്തപുരം ആറ്റിപ്ര മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് സമര പരിപാടിക്കിടെയാണ് സംഭവം.
'യുഡിഎഫിന്റെ പരിപാടിയായതിനാലാണ് മുസ്ലീം ലീഗിന്റെ കൊടി അവിടെ സ്ഥാപിച്ചത്. ആര്‍എസ്പിയുടെ കൊടിയും അവിടെയുണ്ടായിരുന്നു. കൊടി കെട്ടിയതിന് പിന്നാലെ സനല്‍കുമാര്‍ ഓടിവന്ന് ലീഗിന്റെ കൊടി എടുത്ത് വലിച്ചെറിയുകയായിരുന്നു. ലീഗിന്റെ കൊടി ഇവിടെ കെട്ടരുതെന്നും മലപ്പുറത്ത് കൊണ്ടുപോയി കെട്ടാനും പറഞ്ഞു. യുഡിഎഫിന്റെ പരിപാടിയല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ ലീഗിന്റെ കൊടി ഇവിടെ കെട്ടാന്‍ പറ്റില്ലെന്നും സനല്‍കുമാര്‍ പറഞ്ഞു', - നസീര്‍ ആരോപിച്ചു.
യുഡിഎഫിലെ രണ്ടാമത്തെ ശക്തി മുസ്ലീം ലീഗാണെന്നും മുന്നണിയുടെ പരിപാടിക്ക് ലീഗിന്റെ കൊടികെട്ടുമെന്നും പറഞ്ഞപ്പോള്‍ നിനക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ കൊടി പാകിസ്താനില്‍ കൊണ്ടുപോയി കെട്ടാനാണ് സനല്‍കുമാര്‍ ആജ്ഞാപിച്ചത്. ഇതുകേട്ടപ്പോള്‍ വല്ലാതെ സങ്കടമായി. ബിജെപിക്കാര്‍ പോലും ഇങ്ങനെ പറയില്ലെന്നും ഇതാണോ കോണ്‍ഗ്രസുകാരുടെ പാരമ്പര്യമെന്നും നസീര്‍ ചോദിച്ചു.
അതേസമയം ആരോപണം സനല്‍കുമാര്‍ നിഷേധിച്ചു. കൊടി നട്ടാന്‍ വന്നപ്പോള്‍ സമ്മതിച്ചില്ലെന്നത് സത്യമാണ്. എന്നാല്‍ കൊടി വലിച്ചെറിയുകയോ ഇത്തരത്തില്‍ പരാമര്‍ശം നടത്തുകയോ ചെയ്തില്ലെന്ന് സനല്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത പരിപാടിയായിരുന്നു അത്. ഘടകക്ഷികളെ ക്ഷണിച്ചിരുന്നില്ല. ഒരു ഘടകകക്ഷി വന്നാല്‍ മറ്റുള്ളവര്‍ പരാതി പറയുമെന്നതിനാലാണ് ലീഗുകാരോട് പോകാന്‍ പറഞ്ഞതെന്നും സനല്‍കുമാര്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ