കടലുണ്ടി പുഴയിൽ പെരുപുഴയിൽ യുവാവ് ഒഴുകിൽ പെടുന്ന CCTV ദൃശ്യം ലഭിച്ചു
വിലപ്പെട്ട ജീവനുകൾ കൺമുന്നിലൂടെ പൊലിയുന്നത് നിസ്സഹായമായി നോക്കി നിൽക്കേണ്ടി വരുന്നത് വേദനാജനകമായ ഒരു അനുഭവമാണ്. ഇന്നലെ ജനങ്ങൾ നോക്കി നിൽക്കെ, പെരുമ്പുഴയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയ മുഹമ്മദലിയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. ഒഴുക്കിൽ പെടുന്നതിന് തൊട്ട് മുമ്പ്, പുഴയിലേക്ക് ഞാന്ന് കിടക്കുന്ന മുളങ്കൂട്ടത്തിലെ വേരിൽ തൂങ്ങി മുഹമ്മദലി അഭ്യാസം കാണിക്കുന്നത് തെല്ലൊരു കൗതുകത്തോടെ തന്നെയാണ് ഞങ്ങളെല്ലാവരും നോക്കി നിന്നത്. അലറിക്കുതിക്കുന്ന ഒഴുക്കിനെ കളിത്തൊട്ടിലാക്കി ജീവിതം നയിച്ച മുഹമ്മദലിയെ കീഴ്പ്പെടുത്താൻ മാത്രം പെരുമ്പുഴ വളർന്നിട്ടില്ല എന്ന തോന്നലായിരുന്നു ഞാനടക്കമുള്ള ഒട്ടു മിക്ക "പുഴവെ ള്ളപ്പൊക്കക്കാഴ്ച്ച" കാണാനെത്തിയ പരിസരവാസികൾക്കും.
വെള്ളപ്പൊക്ക ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കാനെത്തിയ പ്രസിഡന്റ് സലീന കരിമ്പിലിനോടും വൈസ് പ്രസിഡന്റ് കെവി മജീദിനോടും, വെള്ളപ്പൊക്കക്കെടുതി നാശം വിതക്കാറുള്ള പെരുമ്പുഴ തീരദേശത്ത് അവശ്യം അനുവദിക്കേണ്ട റെസ്ക്യൂ സൗകര്യങ്ങളെ കുറിച്ച് ഞങ്ങൾ നാട്ടുകാർ സംസാരിച്ചു നിൽക്കുമ്പോഴും ആഹ്ലാദാരവങ്ങളോടെ മുങ്ങാങ്കുഴിയിടുന്ന മുഹമ്മദലിയെ ഞങ്ങൾ കാണുന്നുണ്ടായിരുന്നു.
എപ്പോഴും അപകടം പ്രതീക്ഷിക്കാവുന്ന പെരുമ്പുഴക്കടവിൽ സ്വകാര്യ ആവശ്യങ്ങൾക്കും, അവശ്യഘട്ടങ്ങളിൽ RRT പ്രവർത്തകർക്ക് ഉപകാരപ്രദമെന്ന രീതിയിലും ഞാൻ വാങ്ങിയ 2.5HP ഫൈബർ വള്ളം പുഴയിലറക്കാൻ പഞ്ചായത്തിന്റെ അനുമതി പത്രം ചോദിച്ച് കൊണ്ട് കഴിഞ്ഞ വർഷം സമർപ്പിച്ച അപേക്ഷയിന്മേൽ യാതൊരു വിധ നടപടിയും കൈക്കൊള്ളാത്തതിന്റെ പ്രതിഷേധം ഞാൻ പഞ്ചായത്ത് സംഘത്തെ അറിയിച്ചു. ബോർഡ് മീറ്റിങ്ങിൽ അങ്ങിനെ ഒരപേക്ഷ വന്നതായി തന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നും ഒന്ന് കൂടി സമർപ്പിച്ചാൽ തീർച്ചയായും പരിഗണിക്കാം എന്ന് കാര്യഗൗരവം ഉൾക്കൊണ്ട വൈസ് പ്രസിഡന്റ് പറഞ്ഞതിന്റെ ആശ്വാസത്തിൽ അവരെ യാത്രയാക്കി തിരിഞ്ഞു നോക്കിയപ്പോഴേക്കും മുഹമ്മദലി ഒഴുക്കിലേക്ക് നീങ്ങാൻ തുടങ്ങിയിരുന്നു. (കണ്ണിൽ നിന്നും മറയുന്ന ആദ്യ ദൃശ്യങ്ങളുടെ CCTV ഫൂട്ടേജാണ് ഇതോടൊപ്പം)
ഉടനെ തന്നെ അപകടം മണത്ത നന്നംബ്ര ഷറഫുവും കരിമ്പിൽ സൈദലവിയും പുഴയിലേക്കെടുത്തു ചാടി. ബോട്ടിൽ മോട്ടോർ ഘടിപ്പിച്ച് ഞാനും സിസി ഷിഹാബും ബാപ്പുവും പ്രജീഷും പിറകെ പോയി. അപ്പോഴേക്കും കലങ്ങിയ വെള്ളത്തിന്റെ അഗാധതകളിലേക്ക് മുഹമ്മദലി മറഞ്ഞിരുന്നു. നല്ല അടിയൊഴുക്കുള്ള പുഴയിലേക്ക് ഈ കൊച്ചുവള്ളവുമായി ചാടിയതിന്റെ സാംഗത്യമോ, ഞങ്ങളിൽ രണ്ട് പേര് സേഫ്റ്റി ജാക്കറ്റ് ധരിച്ചിട്ടില്ലെന്നതോ ഒന്നും ഞങ്ങൾ അപ്പോൾ ഓർത്തതേ ഇല്ല. ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അപ്പോഴത്തെ ചിന്ത. ഒഴുക്കിനോട് പൊരുതാൻ കഴിയാതെ 50 മീറ്റർ അകലെയുള്ള ഓരത്തെ ഒരു മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ചിരിക്കുന്ന ഷറഫുവിനെയും വള്ളത്തിൽ കയറ്റാനുള്ള അവന്റെ അഭ്യർത്ഥനയും മോട്ടോർ നിശ്ചലമായത് കാരണം ഞങ്ങൾക്കുപേക്ഷിക്കേണ്ടി വന്നു. മാത്രവുമല്ല, മുഹമ്മദലിയെ കണ്ട് കിട്ടിയാൽ പിടിച്ച് കയറ്റാനുള്ള പരമാവധി കപ്പാസിറ്റി മാത്രമേ ഇനി വള്ളത്തിൽ ഉണ്ടാവൂ എന്നും കരുതി. തേർക്കയം പാലം വരെ ഞങ്ങൾ ഓടിച്ചു നോക്കി. കണ്ടത്താനായില്ല. ബോട്ട് തിരിച്ചപ്പോഴാണ് ഒഴുക്കിന്റെ തള്ളിച്ച ശരിക്കും ബോധ്യപ്പെട്ടത്. ബാപ്പുവും പ്രജീഷും സേഫ്റ്റി ജാക്കറ്റ് ഇട്ടിട്ടില്ല എന്നതും ഒഴുക്കിന്റെ ശക്തിയും ഞങ്ങളിൽ മിക്കവരുടെയും ധൈര്യം ചോർത്തിക്കളഞ്ഞു എന്ന് തന്നെ പറയട്ടെ. മനസ്സാന്നിധ്യം വെടിയാതെ ഒഴുക്കിനെതിരെ ഓടിച്ച് ജീവൻ രക്ഷിക്കാനായില്ലല്ലോ എന്ന നിരാശയോടെ ഞങ്ങൾ കരപറ്റി. കരക്കെത്തിയപ്പോൾ ട്രോമാ കെയറിന്റെ ആളുകൾ വീണ്ടും ബോട്ടിൽ കയറി തിരച്ചിൽ തുടരാൻ സന്നദ്ധരായി വന്നു. പക്ഷെ, ഇരുട്ട് വീണ് തുടങ്ങിയതിനാലും വെള്ളത്തിലേക്കാണ്ട് പോയ മുഹമ്മദലിയെ കണ്ടെത്താൻ ഈ സന്നാഹങ്ങൾ പോര എന്നതിനാലും ആ സന്നദ്ധ സേവകരുടെ സേവനം ഉപയോഗിക്കാൻ കഴിയില്ലെന്ന് ഞാൻ അവരെ ബോധ്യപ്പെടുത്തുകയും അവർക്കത് മനസ്സിലാവുകയും ചെയ്തു.
ഞങ്ങളുടെ വീരസാഹസം തള്ളിമറിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. ഒരു അടിയന്തിര സാഹചര്യത്തിൽ വരും വരായ്കകളെ കുറിച്ചു വേവലാതിപ്പെടാതെ സ്വജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനത്തിന്
മുതിരാൻ ദൈവം നൽകുന്ന ഒരു സവിശേഷമായ ധൈര്യത്തെ കുറിച്ചാണ്. മേൽ പ്രസ്താവിച്ച ഞാനൊഴികെയുള്ള അഞ്ചു പേരും ഒരു ബിഗ് ക്ലാപ്പിന് അർഹരാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല.
ഇനി പറയുന്ന കാര്യങ്ങൾ യുവാക്കൾക്ക് വേണ്ടിയാണ്. മുട്ട് കുത്തി പാറപ്പുറത്ത് വീണാലും പാറ പൊട്ടിപ്പോകുന്ന പ്രായമാണ് നിങ്ങളിൽ പലർക്കും. അതിന്റെ ആവേശത്തിൽ മൊബൈലിന് ബെറ്റ് വെച്ചു നിറപ്പുഴ നീന്തിക്കടക്കാനും അഭ്യാസം കാണിക്കാനുമൊക്കെ വ്യഗ്രത കൂടും. മേലൊഴുക്കിനെക്കാൾ പതിന്മടങ്ങ് ശക്തി കൂടിയ അടിയൊഴുക്ക് അതി ജീവിക്കാൻ പല നീന്തൽക്കാർക്കും പ്രയാസമായിരിക്കും. നീണ്ട നേരത്തെ തുഴച്ചിൽ ശരീരം തളർത്തും. തണുത്ത വെള്ളവും അന്തരീക്ഷവും നിങ്ങളുടെ പേശികളിൽ കോച്ചിപ്പിടുത്തം വരുത്തി നീന്താൻ കഴിയാതെയാക്കും. അത് കൊണ്ട്, നിറഞ്ഞ പുഴയോട് അഭ്യാസം കാണിക്കാൻ നിൽക്കരുത്. എത്ര തന്നെ ആത്മവിശ്വാസം ഉണ്ടായാൽ പോലും. വികലമായ അമിത ആത്മവിശ്വാസം കിട്ടിയതിന്റെ ആവേശത്തിലാണ് മുഹമ്മദലി ഒഴുക്കിനെ നേരിട്ടത്. കഴിഞ്ഞ രാത്രിയിൽ ഞാൻ എന്നെത്തന്നെ ശപിച്ചു കിടന്നത്, നിറപുഴയിൽ നീന്തുന്ന മുഹമ്മദലിയെ പിന്തിരിപ്പിക്കാൻ ഒരു വാക്ക് പറയാൻ എന്തേ ഞാൻ മറന്നു പോയി എന്ന കുറ്റബോധം കൊണ്ടാണ്. ബുദ്ധി വൈകിയുദിച്ചത് കൊണ്ട് കാര്യമില്ലല്ലോ.
നമ്മുടെ പുഴയിലേക്ക് പഞ്ചായത്തിന്റെ വകയായുള്ള റെസ്ക്യൂ സംവിധാനങ്ങൾ വേണം. വർഷം തോറും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പെരുമ്പുഴയിലേക്ക് എന്ത് കൊണ്ട് അധികൃതരുടെ ശ്രദ്ധ തിരിയുന്നില്ല? കഴിഞ്ഞ വർഷം ഞാൻ ബോട്ട് ലൈസൻസിനായി കൊടുത്ത അപേക്ഷയിൽ മുൻകാലങ്ങളിൽ പെരുമ്പുഴയിൽ പൊലിഞ്ഞ ജീവിതങ്ങളെ കുറിച്ച് പരാമർശിച്ചിരുന്നു. പക്ഷെ ഒരു നടപടിയും ഉണ്ടായില്ല. അറക്കൽ മാടിലെ കയറ്റത്തിൽ ഇനിയും സംഭവിക്കാനിടയുള്ള ദാരുണ അപകടത്തെ കുറിച്ച് പല അധികാരികളെയും ബോധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇനിയൊരു ദുരന്ത മുഖത്ത് മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമുണ്ടാവില്ല. വെള്ളപ്പൊക്ക സമയത്ത് പഞ്ചായത്ത് മുൻകൈ എടുത്ത് ഒരു ജാഗ്രതാ സേന രൂപീകരിക്കണം. അവർക്ക് വേണ്ട രക്ഷാ സംവിധാനങ്ങൾ പഞ്ചായത്ത് ഒരുക്കിക്കൊടുക്കണം. സന്നദ്ധ സംഘടനകളിലെ യുവാക്കളെ കാലോചിതമായി സംഘടിപ്പിക്കാനും അവർക്ക് വേണ്ട സജ്ജീകരണങ്ങളൊരുക്കാനും മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് കളമൊരുക്കണം. തെന്നല പഞ്ചായത്തിൽ വെള്ളപ്പൊക്ക ദുരിതം കൂടുതൽ നേരിടുന്നത് കിഴക്കൻ മേഖലകളിലായിരിക്കുമല്ലോ.
ഇന്നലെ കാണാതായ മുഹമ്മദലിയുടെ കുടുംബത്തിന് ഈ ആഘാതം താങ്ങാനുള്ള. ശക്തി ജഗന്നിയന്താവ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. (ഈ വിഡിയോ ക്ലിപ്പ് ഇവിടെ പ്രസിദ്ധപ്പെടുത്തുന്നത് ഒരു ഓർമ്മപ്പെടുത്തലിന് വേണ്ടിയാണ്. അനാവശ്യ അതിസാഹസം സങ്കടകരമായ അന്ത്യത്തിലായിരിക്കും കലാശിക്കുക എന്ന ഓർമ്മപ്പെടുത്തലിന് വേണ്ടി... ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടി)(കോപ്പിപോസ്റ്റ് )
പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ട ആൾക്ക് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ വെളിച്ചക്കുറവ് കാരണം നിർത്തി വെച്ചിട്ടുണ്ട്.ഇന്ന് രാത്രി 7മണിക്ക് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ഫയർ ഫോയിസും, പോലീസും മടങ്ങി,സന്നദ്ധ സംഘടന പ്രവർത്തകരും മടങ്ങി. ഇന്ന് തിരച്ചിന്ന് , മലപ്പുറം, താന്നൂർ യൂണിറ്റിന്റെ ഫയർഫോയിസ് ടീമും, സ്കൂബ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റിലെ ബോട്ടും, മുങ്ങൽ വിദക്തരും, IRW വിന്റെ ബോടും തിരച്ചിൽ നടത്തി.
തിരച്ചിൽന്ന് സഹായ സഹകരണവുമായി പോലീസ്,പഞ്ചായത്ത് അധികാരികൾ,ട്രോമാ കെയർ വേങ്ങര, തിരുരങ്ങാടി, കോട്ടക്കൽ വളണ്ടിയർമാർ, ആക്‌സിഡന്റ് റെസ്‌ക്യു ഫോയിസ്, നാട്ടുകാർ ഉണ്ടായിരുന്നു
നാളെ രാവിലെ ഫയർഫോഴ്‌സ് സ്കൂബാ ടീമും, മലപ്പുറം ജില്ലാ ട്രോമാ കെയർ പരപ്പനങ്ങാടി യുടെ മുങ്ങൽ വിധക്തർ ഉൾപ്പടെയുള്ളവർ, മറ്റു സന്നദ്ധപ്രവർത്തകർ തിരച്ചിലിന്നായി വലിയോറ കളികടവിൽ എത്തുമെന്നറിയിച്ചിട്ടുണ്ട്.
കാച്ചടി പെരുമ്പുഴയിൽ പേരുമ്പുഴ തൊട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി മുഹമ്മദലി പയ്യനാട് 44 വയസ് എന്നആൾ
തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു, രക്ഷിക്കാൻ ചാടിയവർ തേർക്കയം ഭാഗത് കയറിയാതായി പറയപ്പെടുന്നു,