എരുമേലിയിൽ ഉരുൾപൊട്ടൽ... വീടുകളിലേക്ക് വെള്ളം അടിച്ചുകയറുന്ന ദൃശ്യങ്ങൾ...
കേരളത്തിൽ ഇപ്പോൾ തെളിഞ്ഞ ആകാശമാണ്. ഉച്ചവരെ മിക്കയിടത്തും വെയിൽ തുടരും. തുടർന്ന് കിഴക്കൻ മേഖലയിൽ ഇടിയോടെ മഴക്ക് സാധ്യത. വന മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. കഴിഞ്ഞ ദിവസം വിഡിയോ റിപ്പോർട്ടിൽ വിശദമാക്കിയതു പോലെ ( കാണാത്തവർ ഈ ലിങ്കിൽ കയറി മുഴുവൻ കേട്ട ശേഷം തുടർന്ന് വായിക്കുക. https://youtu.be/9FquTPJPCfc ) മഴ ശക്തിപ്പെടാനുള്ള സൂചന താഴെ കൊടുത്ത ഇൻസാറ്റ് ചിത്രത്തിൽ കാണാം. കേരളത്തിന്റെ പടിഞ്ഞാറും തെക്കും കടലിൽ കോട്ടപോലെ വലിയ തോതിൽ മേഘ സാന്നിധ്യം ഉണ്ട്. അറബിക്കടലിൽ ഇന്ന് വൈകിട്ടോടെ കാറ്റിന്റെ ശക്തി പൊടുന്നന്നെ വർധിച്ച് തുടങ്ങും. ഓഗസ്റ്റ് 2 മുതൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചിലപ്പോൾ തീവ്ര മഴയും. മൽസ്യ തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചേ കടലിൽ പോകുന്നതിനെ കുറിച്ച് തീരുമാനമെടുക്കാവൂ.
ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കരയിൽ ഉള്ളവരും സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ, അലർട്ടുകൾ പാലിക്കണം. മഴ മാറ്റി വയ്ക്കാനോ കാറ്റ് തടഞ്ഞു നിർത്താനോ മനുഷ്യന് കഴിയില്ല. ശാസ്ത്രത്തിന് ഇത് നേരത്തെ കണ്ടെത്താൻ കഴിയും. അതാണ് ഇവിടെ പറയുന്നത്. അതു പ്രകാരം സ്വയം മുൻകരുതൽ എടുക്കാം. ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാം. സ്വയം സുരക്ഷിതരാകാം. അതാണ് ഔചിത്യപരമായി ശാസ്ത്രീയമായി നാം ചെയ്യേണ്ടത്. അല്ലാതെ വൈകാരികമായോ പേടിയോടെയോ മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ടോ അല്ല നേരിടേണ്ടത്.
ലോകത്ത് എല്ലായിടത്തും കാലാവസ്ഥ വ്യതിയാനം മൂലം ആളുകൾ കഷ്ടത അനുഭവിക്കുന്നുണ്ട്. അവർ സ്വയം സുരക്ഷിതരാകാനും അതിജീവിക്കാനും അനുഭവത്തിൽ നിന്ന് പഠിച്ച് കഴിഞ്ഞു. അത് നമ്മളും ശീലിക്കണം. സമ്പൂർണ സാക്ഷരതയുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. കാലാവസ്ഥ സാക്ഷരതയും ഇനിയുള്ള കാലം ജീവിക്കാൻ വേണം.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ