മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത ഭീഷണി ഉയർത്തുകയാണ് എലിപ്പനി. തുവ്വൂർ, വെട്ടത്തൂർ, മുതുവല്ലൂർ, പൂക്കോട്ടൂർ, ഓമാനൂർ, കാവന്നൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്.
മുൻമാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ കൂടിയിട്ടുണ്ട്. മൺസൂൺ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി, ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഴയൂർ, വണ്ടൂർ എന്നിവിടങ്ങളിൽ ഓരോ ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. മുൻമാസങ്ങളിൽ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു.
മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പരിസര ശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. കനത്ത മഴയിൽ ജലസ്രോതസ്സുകൾ മലിനമാകാനുള്ള സാഹചര്യം കൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദിവസം ശരാശരി 400 പേർ ചികിത്സയ്ക്ക് വരുന്നുണ്ട്. ഒരാഴ്ചക്കിടെ 2,478 പേർക്കാണ് അതിസാരം ബാധിച്ചത്.
വൈറൽ പനി ബാധിതരുടെ എണ്ണം കുറയുന്നില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ദിവസം ശരാശരി 2,500ന് മുകളിൽ പേർ ചികിത്സയ്ക്ക് വരുന്നുണ്ട്. ഇന്നലെ 2,467 പേർക്കാണ് പനി ബാധിച്ചത്. ഒരാഴ്ചക്കിടെ 18,068 പേർക്ക് പനി ബാധിച്ചിട്ടുണ്ട്. പനി ബാധിതർ സ്വയംചികിത്സ നടത്തുന്നത് എലിപ്പനി, ഡെങ്കിപ്പനി പോലുള്ളവ കൃത്യസമയത്ത് തിരിച്ചറിയുന്നത് വൈകിക്കുമെന്നും ഇത് രോഗിയുടെ ജീവൻ വരെ അപകടത്തിലാക്കാമെന്നും ആരോഗ്യ വകുപ്പ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ