വേങ്ങര:പോലീസ് സ്റ്റേഷൻ വളപ്പിനകത്തുള്ള വാഹനങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. പതിനഞ്ച് വർഷത്തോളം സ്റ്റേഷൻ വളപ്പിൽ കിടന്ന് തുരുമ്പെടുത്തു പഴകിയ വാഹനങ്ങളുൾപ്പെടെയാണ് പൊളിച്ചുനീക്കുന്നത്. ഇതോടെ വേങ്ങര ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിലുള്ള വലിയൊരു പ്രശ്നത്തിന് പരിഹാരമാകുകയാണ്.
സ്റ്റേഷൻ പരിധിയിലുള്ള വിവിധ ചെങ്കൽ, കരിങ്കൽ പാറമടകളിൽനിന്ന് കല്ലും പാറപ്പൊടികളും കടത്തുന്നവ, കടലുണ്ടിപ്പുഴയിൽനിന്ന് മണൽ കടത്തുന്നവ തുടങ്ങി വിവിധ ക്രിമിനൽ കേസുകളിൽപെട്ട വാഹനങ്ങൾ ഉൾപ്പെടെയാണ് സ്റ്റേഷൻകെട്ടിടവളപ്പിൽ കൂട്ടിയിട്ടത്.
ഇതിൽ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകിയും തെരുവുനായ്ക്കൾ വാസസ്ഥലമാക്കിയും ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു. വളപ്പിൽ വാഹനങ്ങൾ നിറഞ്ഞതിനാൽ പിന്നീട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പരപ്പനങ്ങാടി-നാടുകാണി പാതയിലെ തിരക്കേറിയ ചാക്കീരി അഹമ്മദ്കുട്ടി റോഡ് കവലയിലെ പാതയോരത്ത് നിർത്തിയിടുകയായിരുന്നു ചെയ്തിരുന്നത്.
ഇത് ഇവിടെ ഗതാഗതക്കുരുക്കിനു കാരണമായി. വേങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
കഴിഞ്ഞ ഡിസംബറിൽ നടന്ന ലേലത്തിലാണ് സ്റ്റേഷനിലെ വാഹനങ്ങൾ നീക്കുന്ന കാര്യത്തിൽ തീരുമാനമായത്. ഉടമകളെ പലതവണ വിളിച്ചന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടാത്ത, ഒരു രേഖകളും ഹാജരാക്കാത്ത 240 വാഹനങ്ങളാണ് പൊളിച്ച് പാഴ്വസ്തുക്കളുടെ വിലയ്ക്ക് വിൽക്കുന്നത്. ഇരുമ്പ്, പ്ലാസ്റ്റിക്, ഫൈബർ എന്നിങ്ങനെ തരംതിരിച്ചാണ് വിൽക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ