ന്യൂയോർക്കിലെ ക്വീൻസ് നഗരത്തിൽ
കുറച്ച് നിർമാണ തൊഴിലാളികൾ ജോലിയിലായിരുന്നു. കെട്ടിടംപണിക്കു വേണ്ടി നിലംകുഴിക്കുന്നതിനിടെയാണ് ഏതോ ലോഹവസ്തുവില്‍ തട്ടിയത് പോലൊരു ശബ്ദം എല്ലാവരും കൂടെ നോക്കുമ്പോഴുണ്ട് ഒരു നീളൻ ഇരുമ്പു പെട്ടി.
ഒരു കൗതുകത്തിന്റെ പുറത്ത് സംഗതി തുറന്നു നോക്കി. സകലരും ഞെട്ടിപ്പോയി. വെള്ളവസ്ത്രം ധരിച്ച ഒരു പെൺകുട്ടിയുടെ മൃതദേഹമായിരുന്നു ആ പെട്ടിയിൽ. അതും കാര്യമായ പഴക്കമൊന്നും തോന്നിപ്പിക്കാത്ത വിധം. ആ മൃതദേഹത്തിൽ കാൽമുട്ടു വരെ സോക്സും ധരിച്ചിട്ടുണ്ട്.
ഏതോ ധനിക കുടുംബത്തിലെ പെൺകുട്ടിയാണെന്ന് ഒറ്റനോട്ടത്തിൽ ഉറപ്പ്. അടുത്ത കാലത്തോ മറ്റോ ആരോ കൊന്നു കുഴിച്ചുമൂടിയതാണെന്നായിരുന്നു അവർ കരുതിയത്. ഉടൻ തന്നെ ആ നിർമാണതൊഴിലാളികൾ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസാകട്ടെ ഫൊറൻസിക് ആർക്കിയോളജിസ്റ്റായ സ്കോട്ട് വാർനാഷിന്റെ സഹായം തേടി.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണ സമയത്തുൾപ്പെടെ ഫൊറൻസിക് പരിശോധകനായി പോയ വ്യക്തിയാണ് സ്കോട്ട്. എത്ര വർഷം മുൻപ് കുഴിച്ചിട്ട മൃതദേഹമാണെങ്കിലും അതിനെപ്പറ്റി വിശദമായ വിവരങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ആൾ. ഏകദേശം 25 കൊല്ലമായി അദ്ദേഹം ഈ മേഖലയിൽ പ്രവർത്തിക്കുന്നു.
മൃതദേഹം കണ്ട അദ്ദേഹം പക്ഷേ നിർമാണത്തൊഴിലാളികളെ ആശ്വസിപ്പിച്ചു–പേടിക്കേണ്ട, ഇത് അടുത്തകാലത്തൊന്നും മരിച്ച പെൺകുട്ടിയല്ല! അതോടെ ഞെട്ടിപ്പോയത് അവിടെ കൂടി നിന്നവരായിരുന്നു. കൂടുതൽ പരിശോധനയിൽ സ്കോട്ട് പറഞ്ഞത് സത്യമാണെന്നു തെളിയുകയും ചെയ്തു. ഏകദേശം 150 വർഷത്തിനുമേല്‍ പഴക്കമുണ്ടായിരുന്നു മൃതദേഹത്തിന്! പിന്നെ എന്തുകൊണ്ടാണ് കാര്യമായ കേടുപാടുകളൊന്നും അതിനു സംഭവിക്കാതിരുന്നത്?
അതിനെപ്പറ്റി സ്കോട്ട് നടത്തിയ അന്വേഷണം ചരിത്രത്തിൽ മറഞ്ഞു കിടന്നിരുന്ന ഒരു ശവപ്പെട്ടിയുടെ രഹസ്യത്തിലേക്കാണു കാര്യങ്ങളെത്തിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ സമ്പന്ന വിഭാഗക്കാർ ഉപയോഗിച്ചിരുന്ന പ്രത്യേക തരം ശവപ്പെട്ടിയായിരുന്നു അത്. 150 വർഷം മുൻപത്തെ ജനസംഖ്യാ രേഖകൾ പരിശോധിച്ചപ്പോൾ ആ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങളും ലഭിച്ചു.
മാർത്ത പീറ്റേഴ്സൻ എന്ന ആഫ്രിക്കൻ–അമേരിക്കൻ പെൺകുട്ടിയുടെ മൃതദേഹമായിരുന്നു അത്. ക്വീൻസിലെ പ്രശസ്തരായ ദമ്പതിമാരുടെ മകളായിരുന്നു അവൾ. സ്റ്റവ് നിര്‍മാണത്തിൽ പേരുകേട്ട ഒരു കമ്പനിയാണ് മാർത്തയ്ക്കു വേണ്ടി ഇരുമ്പു കൊണ്ടുള്ള ശവപ്പെട്ടി നിർമിച്ചത്. 1800കളുടെ മധ്യകാലം മുതൽ അവർ അത്തരം ശവപ്പെട്ടികൾ നിർമിക്കുന്നു.
പ്രിയപ്പെട്ടവരുടെ മൃതദേഹം പെട്ടെന്നൊന്നും ജീർണിച്ചു പോകാതിരിക്കാനായിരുന്നു അത്. മരം കൊണ്ടുള്ള ശവപ്പെട്ടിയാണെങ്കിൽ എല്ലു മാത്രം ബാക്കിയാക്കി മൃതദേഹം ദ്രവിച്ചു പോവുകയാണു പതിവ്. ഇരുമ്പുപെട്ടിക്കു മറ്റൊരു പ്രത്യേകതയുമുണ്ട്. വായുവിലൂടെ പകരുന്ന രോഗം പടരുന്നത് പതിവായിരുന്നു അക്കാലത്ത്. അത്തരത്തിൽ ചിക്കൻ പോക്സ് പിടിപെട്ടായിരുന്നു മാർത്തയുടെ മരണമെന്നാണു കരുതുന്നത്.
മരം കൊണ്ടുള്ള ശവപ്പെട്ടിയിലാണെങ്കിൽ അടക്കും മുൻപ് മാർത്തയെ കാണാൻ പോലും സാധിക്കില്ലായിരുന്നു. എന്നാൽ ഇരുമ്പു പെട്ടിയുടെ മുകളിൽ ഓവൽ ആകൃതിയിൽ ഗ്ലാസുണ്ടായിരുന്നു. അതിലൂടെ അവസാനമായി മാർത്തയെ കാണാൻ അവളുടെ കുടുംബത്തിനു സാധിച്ചു. ഇരുമ്പു പെട്ടിയായതിനാൽ ഒരാൾക്കു പോലും അസുഖവും പകരില്ല. മൃതദേഹം തട്ടിയെടുത്ത് ആശുപത്രികൾക്കും മറ്റും പഠിക്കാൻ കൊടുക്കുന്ന സംഘവും അക്കാലത്തുണ്ടായിരുന്നു. അവർക്കും തകർക്കാൻ പറ്റാത്ത നിലയിലായിരുന്നു ഇരുമ്പു പെട്ടിയുടെ നിർമാണം.
2011ലാണ് മാർത്തയുടെ മൃതദേഹം ഗവേഷകർക്കു ലഭിക്കുന്നത്. പിന്നീട് അഞ്ചു വർഷക്കാലം ഡിജിറ്റൽ തന്ത്രങ്ങളിലൂടെ ഇതിനെപ്പറ്റി അവർ പഠിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് ഈ പെൺകുട്ടിയുടെ യഥാർഥ മുഖവും വെർച്വലി രൂപപ്പെടുത്തിയെടുത്തത്. സിടി സ്കാനിലൂടെ തലയോട്ടി സ്കാൻ ചെയ്ത്, സർക്കാർ രേഖകളിൽ നിന്ന് മാർത്തയും വയസ്സ് കണ്ടെത്തി, പൂർവികരുടെ ചിത്രങ്ങളും ശേഖരിച്ച് അതുവഴിയായിരുന്നു അവളെ പുനർജനിപ്പിച്ചത്.
പഠനത്തിനു ശേഷം മാർത്തയുടെ മൃതദേഹം അടക്കുകയും ചെയ്തു. മാർത്തയുടെ ഇരുമ്പു ശവപ്പെട്ടി വഴി ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസ് ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിരുന്നു.
സീക്രട്ട്സ് ഓഫ് ദ് ഡെഡ്: ദ് വുമൺ ഇൻ ദി അയൺ കോഫിൻ’ എന്നായിരുന്നു അതിന്റെ പേര്.
𝕹𝖊𝖜𝖘 𝖈𝖗𝖊𝖉𝖎𝖙:𝕺𝖓𝖑𝖎𝖓𝖊 𝖓𝖊𝖜𝖘:
𝕴𝖒𝖆𝖌𝖊 𝖈𝖗𝖊𝖉𝖎𝖙 𝖌𝖔𝖊𝖘 𝖙𝖔 𝖗𝖊𝖘𝖕𝖊𝖈𝖙𝖎𝖛𝖊 𝖔𝖜𝖓𝖊𝖗
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ