സിൽവർലൈൻ പദ്ധതിക്കായി ഒരു അതിരടയാളക്കല്ല് സ്ഥാപിക്കുന്നതിനു കെ റെയിൽ കോർപറേഷന് കരാറുകാർക്കു നൽകുന്നത് 1000രൂപ. ഇതിനു പുറമേ, ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ശരാശരി 10, 000രൂപ പ്രതിദിനം കോർപറേഷനു ചെലവാകും. കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പൊലീസിനു 6000–7000രൂപ ഒരു ദിവസം നൽകണം. മേൽനോട്ട ചെലവ് 1000രൂപ. ഗതാഗത ചെലവ് 1700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും.
അതിരു നിർണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോർപറേഷനു കോണ്‍ക്രീറ്റിൽ നിർമിച്ച അതിരടയാളക്കല്ലുകൾ വിതരണം ചെയ്യുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ മാസങ്ങൾക്കു മുൻപ് പൂർത്തിയിരുന്നു. 90 സെന്റീമീറ്ററാണ് കല്ലിന്റെ നീളം. വിസ്തീർണം 15 സെന്റീമീറ്റർ. പദ്ധതിക്കായി 24,000 കല്ലുകൾ സ്ഥാപിക്കേണ്ടി വരും. ഇതുവരെ സ്ഥാപിച്ചത് 6100 കല്ലുകൾ. സ്ഥാപിച്ച കല്ലുകൾ പലയിടത്തും പ്രതിഷേധക്കാർ പിഴുതുമാറ്റി.
റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. 2013ലെ ഭൂമിയേറ്റെടുക്കൽ നിയമം അനുസരിച്ചാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ആകെ 530 കിലോമീറ്ററിലാണ് സിൽവർലൈൻ പാത സ്ഥാപിക്കാൻ ആലോചിക്കുന്നത്. കല്ലിടൽ പൂർത്തിയായത് 182 കിലോമീറ്റർ മാത്രം. കല്ലുകൾ പുഴുത് എറിയുന്നവർക്കെതിരെ കേസെടുത്ത് പിഴ ഈടാക്കാനാണു സർക്കാര്‍ ആലോചന.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ