സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍
സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളും ബന്ധങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക...
അത് ആണായാലും പെണ്ണായാലും...
ഇന്ന് സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അപമാനിക്കപ്പെട്ടാലും മരിച്ചാൽ പോലും സ്ത്രീയാണെങ്കിൽ വെറുതെ വിടില്ലെന്ന് വാശിയുള്ള ഒരു സമൂഹ മാധ്യമ ആൾക്കൂട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.
മരിച്ചിട്ട് പോലും ഒരാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പോലും സമൂഹ മാധ്യമങ്ങളിൽ നാം കണ്ടത്.
സമൂഹ മാധ്യമങ്ങളിൽ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ടെന്ന് പറയാം.
രാത്രി ഫെയ്സ്ബുക്കിൽ കാണുന്നവൾ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു പുരുഷൻമാരിൽ വലിയ വിഭാഗത്തിന്റേയും പൊതുധാരണ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യാഹൂ മെസഞ്ചർ കാലം മുതൽ ഓർക്കുട്ടിലൂടെ വന്ന് വാട്സാപ്, ടിക്ടോക് പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടും ഒരു കുറവും ഇല്ല. കൂടിയിട്ടേ ഉള്ളൂ. റിക്വസ്റ്റ് അയച്ച് ആ നിമിഷം തന്നെ ഇന്ന് ആദ്യമായി പരിചയപ്പെടുന്ന ആളായാലും ഒന്നു തോണ്ടിനോക്കും. ചാറ്റിങ് ‘സെക്സ്റ്റിങ്’ ആക്കി മാറ്റാൻ കൃത്യമായ വഴികളുണ്ട്. ‘ഹായ്’ മെസേജിൽ തുടങ്ങി പത്താമത്തെയോ പന്ത്രണ്ടാമത്തെയോ മെസേജിൽ വിഷയം സെക്സിൽ എത്തി നിൽക്കും. വീടിന്റെ ലൊക്കേഷൻ മുതൽ അവരുടെ ബയോളജി വിവരങ്ങൾ വരെ കുറഞ്ഞ ചാറ്റുകളിൽ ചോർത്തിയെടുക്കാൻ കഴിവുള്ളവരാണ് ഇതിന് ഇറങ്ങുന്നത് എന്നത് മറ്റൊരു കാര്യം.
എന്താണു വേഷം എന്ന ചോദ്യം ചാറ്റിൽ ഒരിക്കലെങ്കിലും നേരിടാത്ത ഒരു പെണ്ണുമുണ്ടാവില്ല ഭൂമിമലയാളത്തിൽ. ആ ചോദ്യമൊരു ക്ഷണവും തുടക്കവും കളം പരിശോധിക്കലുമാണ്. അവിടെ കൊരുത്ത് എവിടേക്കും പോകും ചാറ്റ്. പിന്നെ അശ്ലീല ചാറ്റിങ്, ഫോട്ടോ, വിഡിയോ പങ്കുവക്കൽ, അവസാനം പിരിയൽ, പിന്നാലെ ബ്ലാക്ക്മെയിലിങ്... ഇതാണ് പതിവ് രീതികൾ.
ഫെയ്സ്ബുക്കിൽ, ഇൻസ്റ്റയിൽ ഓൺലൈൻ ആകുന്ന നിമിഷംതന്നെ ഇൻബോക്സിൽ ആണുങ്ങളുടെ മെസേജ് വന്നു നിറയാറുണ്ടെന്ന് പല സ്ത്രീകളും പറയാറുണ്ട്. ഇതിന്റെ രൂക്ഷത മനസ്സിലാക്കാൻ സ്ത്രീയുടെ പേരിൽ ഒരു ഫെയ്സ്ബുക് അക്കൗണ്ട് തുടങ്ങിയാല്‍ മാത്രം മതിയാകും. ഇത്തരത്തിൽ സ്ത്രീകളെ തേടി എത്തുന്നത് 20 – 25 പ്രായക്കാരാണു കൂടുതൽ. ചിലർ നേരെ കാര്യം അവതരിപ്പിക്കുന്നു: ‘നമുക്കു സെക്സിനെക്കുറിച്ചു സംസാരിച്ചാലോ?’ മറ്റു ചിലർ വളരെ നിഷ്കളങ്കരാണ്. ‘എനിക്കൊന്നും അറിയില്ല... എല്ലാമൊന്നു പഠിപ്പിച്ചുതരുമോ’ എന്ന്. മറ്റൊരാൾ പറഞ്ഞത്: ‘സോറി, എനിക്കു സെക്സ് ചാറ്റ് ശീലമായതുകൊണ്ട് എല്ലാ സ്ത്രീകളോടും ഇതേ വികാരമാണ്.’ സ്വന്തം വീട്ടിലെ സ്ത്രീകളോടും അതേ വികാരമാണോ എന്നു ചോദിച്ചുപോയി.
സ്ത്രീ പ്രണയമോ കാമമോ തേടിയാണു സമൂഹ മാധ്യമങ്ങളിൽ എത്തുന്നതെന്നാണു പൊതുധാരണ. പ്രണയക്കുരുക്കിൽ മുറുക്കി ചതിയിൽപ്പെടുത്തി ശാരീരികമായി ഉപയോഗിക്കാൻ വല നെയ്യുന്നവരാണു ചിലർ. സ്ത്രീക്കു കുടുംബജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നു കണ്ടാൽ കാമുകവേഷം. അതിൽ വീണുപോയാൽ ‘എനിക്കു മാത്രം കാണാനായി’ നഗ്നചിത്രങ്ങളും നഗ്നവിഡിയോയും അയയ്ക്കാൻ പ്രേരിപ്പിക്കും. അതല്ലെങ്കിൽ നമുക്കൊന്നു കൂടാമെന്ന ക്ഷണമാകും. അങ്ങനെ സമ്മതിച്ച സ്ത്രീകളിൽ പലരുടെയും വിഡിയോ വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.
രാത്രി ഓൺലൈനിലുള്ള സ്ത്രീകൾക്കു മെസഞ്ചർ കോൾ വരുന്നതു പതിവാണ്. മറുവശത്തുള്ള സ്ത്രീയുടെ അനുവാദം ചോദിക്കാതെയാണു മെസഞ്ചർ കോൾ. വ്യാജ ഐഡിയല്ലെന്ന് ഉറപ്പുവരുത്താനാണു മറ്റു ചിലർ ഈ സംവിധാനം ഉപയോഗിക്കുന്നത്. അർധരാത്രിയിൽ ഓൺലൈനിൽ സ്ത്രീനാമം കണ്ടാൽ രോഷംകൊള്ളുന്ന വേറൊരു വിഭാഗവുമുണ്ട്. സദാചാര സൈബർ ഗുണ്ടകൾ എന്ന് ഇവരെ പറയാം. രാത്രി പത്തുമണിക്കുശേഷം സ്ത്രീകൾ ഫെയ്സ്ബുക്കിൽ ഓൺലൈൻ ആകാൻ പാടില്ലെന്നാണ് ഇവരുടെ പക്ഷം. ഒട്ടേറെ സ്ത്രീകൾ രാത്രിയും ജോലി ചെയ്യുന്നുണ്ടെന്നോ അവർ രാത്രി ഓൺലൈൻ ആകുമെന്നോ ഒന്നും ഇവർ ഇപ്പോഴും അറിഞ്ഞിട്ടില്ല.
രാത്രി 12നു ശേഷം എഫ്ബിയിൽ നേരിടേണ്ടിവന്ന സദാചാരക്കാരെക്കുറിച്ച് പലരും പറയാറുണ്ട്. നിങ്ങൾ കുറച്ചു ദിവസമായി സ്ഥിരമായി രാത്രി ഓൺലൈൻ ആകുന്നുണ്ട്. ഇതു ശരിയല്ലെന്നു തുടക്കം. ഭാരതസ്ത്രീതൻ ഭാവശുദ്ധി വിശദീകരിച്ചു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ നേരത്തേ പറഞ്ഞ വ്യക്തി തന്നെ ‘അസംസ്കൃത’മായി മാറുന്ന കാഴ്ചയാണ് കാണാറ്.
സാധാരണ സെൽഫിപോലും ഇടുന്നതിന്റെ പേരിൽ സദാചാര പൊലീസിങ്ങിന്റെ ഇരകളാകുന്നുണ്ടു സ്ത്രീകൾ. ‘പെങ്ങളേ, നിന്റെ പടം മിസ് യൂസ് ചെയ്താൽ എന്താകും അവസ്ഥ’ എന്ന കരുതലിലാണു പലരുടെയും തുടക്കം. ഏതോ പെൺകുട്ടി കൈത്തണ്ട മുറിച്ചു ജീവനൊടുക്കിയ പടവും ‘ഉത്തരേന്ത്യയിലെവിടെയോ ഫെയ്സ്ബുക് വഴി ചതിക്കപ്പെട്ട കുട്ടിയുടെ പടമാണെന്നും നിനക്ക് അവളെപ്പോലെ ആകണോ’ എന്നും ചോദിക്കുന്ന ഫോർവേഡ് പോസ്റ്റും തരുന്ന ആങ്ങളമാരും പതിവ് സംഭവമാണ്.
വിവാഹിതയായ സ്ത്രീ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം പ്രൊഫൈലിലോ കവറിലോ കുടുംബചിത്രം ഇടണമെന്നാണു സദാചാര സംരക്ഷകരുടെ ഇംഗിതം. ഇവർ തീരുമാനിക്കുന്നു. പിന്നെ ഇൻബോക്സിലെത്തി ഉപദേശങ്ങളായി. അത് അനുസരിക്കാൻ കൂട്ടാക്കിയില്ലെങ്കിൽ പിന്നെ അസഭ്യവർഷമാകും.
സ്വന്തം സഹോദരനായി കരുതാമെന്നു പറഞ്ഞുതുടങ്ങുന്ന ചിലരെങ്കിലും പിന്നീട് ചോദിക്കുന്നത് ആദ്യരാത്രിയിലെ കഥയായിരിക്കും. ചില സ്ത്രീകൾ ഈ കെണയിൽ വീഴും. ചിലരെ വീഴ്ത്താൽ സ്വന്തം കഥ തന്നെ പറഞ്ഞ് അവരെ ഇതിലേക്ക് കൊണ്ടുവരും. എന്നാൽ, എഫ്ബി കൂട്ടുകാരൻ പറഞ്ഞത് വ്യാജ കഥയാണെന്ന് മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. ഭർത്താവുമായുള്ള ബന്ധത്തിന് പുറമെ അവിഹിതബന്ധ കഥകൾ പോലും പറയിപ്പിക്കാൻ കഴിവുള്ളവരുണ്ട്. ഇത്തരം കഥകളിലെ വ്യക്തികളെ തേടി ബ്ലാക്ക്മെയിലിങ് ചെയ്യുന്നവരും കുറവല്ല.
സാമൂഹിക – രാഷ്ട്രീയ വിഷയങ്ങളിലോ മതപരമായ കാര്യങ്ങളിലോ അഭിപ്രായം പറഞ്ഞാൽ പെണ്ണിന്റെ കുടുംബത്തെ സഹിതം അശ്ലീലവാക്കുകൾകൊണ്ടു കുളിപ്പിക്കും. പൊതു ഇടങ്ങളിൽ ഒന്നും പറയാനില്ലാത്ത ഒരാളായി ചുരുങ്ങാൻ പെണ്ണിനെ പരുവപ്പെടുത്തലാണ്. ആണും പെണ്ണും ഒന്നിച്ചിരുന്നു പഠിക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവളുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം വാളിൽ അശ്ലീലവും ആഭാസവും ഇന്നും ഒരു കുറവുമില്ല.
ഇതിൽ മറ്റൊരു കെണികൂടിയുണ്ട്. മിക്കതും പെൺ പ്രൊഫൈലുകളാണെങ്കിലും തുടക്കത്തിൽ തന്നെ താൻ പുരുഷൻ ആണെന്നു പറയും. കോളുകൾ അറ്റൻഡ് ചെയ്യണമെന്ന നിർബന്ധമൊന്നുമില്ല. വെറുതെ വിളിച്ചുകൊണ്ടേയിരിക്കും. ചിലർ അശ്ലീല ഭാഷയിൽ വോയ്സ് മെസേജുകൾ അയയ്ക്കും. ചിലർ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയക്കുന്നത് ഒരു ഹോബിയാക്കും.
പ്രൊഫൈലിൽ ഭർത്താവിനൊപ്പമുള്ള ചിത്രമല്ലെങ്കിൽ പെണ്ണിന്റെ ജീവിതത്തിലേക്കുള്ള ക്ഷണപത്രമായാണു ചിലർ കണക്കാക്കുന്നത്. ‘ഭർത്താവുമായി പ്രശ്നമുണ്ടോ? അതോ കാഴ്ചയിൽ ചേച്ചിക്കു യോജിക്കാത്ത ആളാണോ?’ എന്നൊക്കെയാണ് വഴി. പതിയെ പതിയെ ചേച്ചി മാറ്റി പേരു വിളിച്ചോട്ടെ എന്ന്. പിന്നെ ‘നീ, എടീ’ വിളികളായി. അടുത്തത് ഫോൺ നമ്പർ വേണം. നേരിട്ടൊന്നു കാണണം. ഇങ്ങനെ പോകുന്നു...
മലയാളിയായ പ്ലസ് ടു വിദ്യാർഥിനി... ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഫെയ്സ്ബുക് കാമുകനുമായി ദിവസങ്ങൾക്കുള്ളില്‍ നടത്തിയത് 36,000 ചാറ്റ്. കാമുകന് അയച്ചു കൊടുത്തത് 300 ഫോട്ടോകൾ. അതിൽ 26 എണ്ണം നഗ്നചിത്രങ്ങൾ. തമ്മിൽ പിണങ്ങിയപ്പോൾ കാമുകൻ ചിത്രങ്ങളിൽ പലതും പരസ്യമാക്കി. അപമാനം താങ്ങാനാവാതെ പെൺകുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചതു നാലു വട്ടം. ഇതൊക്കെ പുറത്തുവരുന്ന ചില സംഭവങ്ങൾ മാത്രം. പുറത്തുപറയാൻ കഴിയാതെ പെട്ടുപോയ നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും ഒരു നൂറായിരം കഥ പറയാനുണ്ടാകും, സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ നേരിട്ട അപമാനം, പീഡനം, ലൈംഗികാതിക്രമം, ചൂഷണം, ധനനഷ്ടം അങ്ങനെ... അവസാനം ജീവൻ തന്നെ അവസാനിപ്പിക്കേണ്ടി വന്നവർ, ജീവൻ അവസാനിപ്പിക്കാൻ പോലും കഴിയാതെ വിറങ്ങലിച്ചു പോയവർ, തനിക്കു നേരിട്ട ദുരന്തത്തെ ഓർത്ത് വീട്ടുകാർക്ക് മുന്നിൽ പൊട്ടിക്കരയാൻ സാധിക്കാതെ പോയവർ... അതെ സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളും ബന്ധങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക... അത് ആണായാലും സ്ത്രീ ആയാലും അതേ വഴിയൊള്ളൂ... നമുക്ക് ഇഷ്ടമില്ലാത്തത് നോ പറയാൻ കഴിഞ്ഞാൽ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ