കംബോഡിയയിൽ മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു.
അഞ്ച് വർഷത്തോളം ബോംബ് നിർവീര്യ സ്ക്വാഡിന്റെ ഭാഗമായിരുന്ന മഗാവയ്ക്ക് 2021ൽ ബ്രിട്ടൻ ധീരതയ്ക്കുള്ള സുവർണമെഡൽ നൽകി ആദരിച്ചിരുന്നു.
ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട മഗാവ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണു ജനിച്ചത്. 2016ൽ കംബോഡിയയിലെ സീം റീപ്പിലെത്തി.
ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നു പല രാജ്യങ്ങളിലേക്കും സേവനത്തിനായി ഇത്തരം എലികളെ കൊണ്ടുപോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച എലിയാണു മഗാവയെന്നു നിരീക്ഷകർ പറയുന്നു.
കഴിഞ്ഞയാഴ്ച വരെ മഗാവ നല്ല ആരോഗ്യത്തിലായിരുന്നെന്നും എന്നാൽ വാരാന്ത്യത്തോട് അനുബന്ധിച്ച് എലിയുടെ ആരോഗ്യം തീരെ വഷളാകുകയും ആഹാരം കഴിക്കാതാകുകയും ചെയ്തെന്ന് കുറേക്കാലമായി മഗാവയെ നോക്കുന്ന എൻജിഓയുടെ അധികൃതർ പറയുന്നു.
1967 മുതൽ 1975 വരെയുള്ള കാലയളവിലാണ് കംബോഡിയയിൽ ആഭ്യന്തര യുദ്ധം നടന്നത്.കമ്യൂണിസ്റ്റ് സംഘടനയായ ഖമർ റൂഗും കംബോഡിയൻ സർക്കാരും തമ്മിലായിരുന്നു രക്തരൂക്ഷിതമായ ഈ പോരാട്ടം. അക്കാലത്താണു പല കുഴിബോംബുകളും സ്ഥാപിക്കപ്പെട്ടത്.
കാലങ്ങൾക്കു മുൻപേ സ്ഥാപിച്ച ഈ ബോംബുകൾ പിന്നീട് പലകാലങ്ങളിലായി പൊട്ടിത്തെറിച്ചു.
നാൽപതിനായിരത്തിലധികം ആളുകൾക്കാണ് ഇതു മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇന്നും കംബോഡിയയിൽ ആയിരം ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണത്തിൽ സ്ഥലം കുഴിബോംബ് ഭീഷണി നിലനിൽക്കുന്ന മേഖലയാണ്.
അടുത്തിടെ തായ്‌ലൻഡ്– കംബോഡിയ അതിർത്തിയിലെ പ്രിഹ് വിഹിയർ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന 3 കംബോഡിയക്കാർ കുഴിബോംബ് പൊട്ടി മരിച്ചിരുന്നു. ഇത്രയും അപകടസാധ്യത നിറഞ്ഞ കുഴിബോംബുകൾ കണ്ടെത്തുക വഴി വലിയ സേവനമാണ് മഗാവ നടത്തിയത്.
ജൂലൈയിൽ വിരമിച്ച മഗാവ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ആഫ്രിക്കയുടെ സബ് സഹാറൻ മേഖലയിൽ താമസിക്കുന്ന ജയന്റ് പൗച്ച്ഡ് റാറ്റുകൾക്ക് 45 സെന്റിമീറ്റർ വരെ നീളവും ഇവയുടെ വാലുകൾക്ക് 46 സെന്റിമീറ്റർ വരെ നീളവും വയ്ക്കാറുണ്ട്.
ഒന്നരക്കിലോ വരെയൊക്കെ പരമാവധി ഭാരവും ഇവയ്ക്കുണ്ടാകും. പനങ്കായ, ചെറിയ പ്രാണികൾ എന്നിവയൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ആഫ്രിക്കയിലും ഭക്ഷണത്തിനായും യുഎസിൽ വിനോദത്തിനായും ഇവയെ വളർത്താറുണ്ട്. മണംപിടിക്കാനുള്ള അപാരമായ കഴിവാണ് ഇവയെ കുഴിബോംബുകൾ കണ്ടെത്താൻ പ്രാപ്തമാക്കുന്നത്.
ശരീരവലുപ്പവും ഭാരവും കുറവായതിനാൽ ഇവ കയറി കുഴിബോംബുകൾ പൊട്ടുകയുമില്ല. ബാർട്ട് വീജൻസ് എന്ന ബെൽജിയംകാരനാണ് കുഴിബോംബുകൾ കണ്ടെത്താനുള്ള ഇവയുടെ പരിശീലന പരിപാടിക്കു തുടക്കം കുറിച്ചത്.
Online News:
Image Credit: Ken Tuva/Twitter
Image Credit: Twycross Njeru/Twitter
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ