സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 ജനുവരി 04, 05 തിയതികളിലായി ജൈവ ആവാസവ്യവസ്ഥ അധിഷ്ഠിത ദുരന്ത ലഘൂകരണം (Ecosystem Based Disaster Risk Reduction) എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
പരിപാടിയുടെ ഉത്‌ഘാടനം ബഹു. റവന്യു മന്ത്രി ശ്രീ. കെ. രാജൻ നിർവഹിച്ചു. ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹാർദപരവും ജൈവ സമ്പത്ത് സംരക്ഷിക്കുന്ന തരത്തിലുമാകുന്നത് തുടർ ദുരന്തങ്ങളിലേക്ക് നയിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതങ്ങളെ ലഘൂകരിക്കുന്നതിന് വഴിയൊരുക്കുന്നു. വർധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാതലത്തിൽ കേരളത്തിന്റെ ഭൂപ്രകൃതിക്കും, പരിസ്ഥിതിക്കും ഇണങ്ങുന്ന പദ്ധതികൾ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളിൽ ഉൾച്ചേർക്കാൻ ബോധപൂർവ്വമായ ഇടപെടൽ ആവശ്യമാണ്. ഇതിനായി സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളിൽ ചുമതലകളുള്ള മുഴുവൻ വകുപ്പുകൾക്കും ബോധവൽക്കരണവും പരിശീലനവും നൽകുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ വകുപ്പുകൾക്കായി പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര തലത്തിൽ വിജയിച്ചതും കേരളത്തിൽ പ്രായോഗികമായി നടപ്പിലാക്കാവുന്നതുമായ മാതൃകകൾ പരിചയപ്പെടുത്തുകയും പദ്ധതിയാസൂത്രണത്തിൽ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താൻ വേണ്ട ഇടപെടലുകൾ ചർച്ച ചെയ്യാനും വിഭാവനം ചെയ്യാനും ഉതകുന്ന രീതിയിലാണ് ദുരന്ത നിവാരണ അതോറിറ്റി ശില്പശാല നടത്തിയത്.
ഉൽഘാടന ചടങ്ങിൽ ലാൻഡ് റവന്യു കമ്മീഷണർ ശ്രീ കെ. ബിജു ഐ.എ.എസ്, അധ്യക്ഷത വഹിച്ചു. ഡോ. വത്സല കുമാരി ഐ.എ.എസ് (റിട്ട.), മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. സയൻസ് ആൻഡ് ടെക്‌നോളജി പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.പി. സുധീർ; കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ്; ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ശ്രീ. ജെറോമിക് ജോർജ് ഐ.എ.എസ്; കെ.എസ്.ഡി.എം.എ സീനിയർ ഫിനാൻസ് ഓഫീസർ ശ്രീ. അജി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയുടെ വിവിധ സെഷനുകളിലായി ഡോ. മുരളി തുമ്മരുകുടി (ചീഫ്, ദുരന്ത ലഘൂകരണ വിഭാഗം, യു.എൻ.ഇ.പി); ശ്രീ. സുനിൽ പമ്മിതി ഐ.എഫ്.എസ് (ഡയറക്ടർ, പരിസ്ഥിതി വകുപ്പ്); ശ്രീ. വിനോദ് കുമാർ (കില), ശ്രീ സഞ്ജയ് ദേവ്‌കൊണ്ട (ഫീഡ്സ്, നേപ്പാൾ), ഡോ. ജയകുമാർ (ഡയറക്ടർ, തണൽ), ശ്രീ. പ്രദീപ് ജി.എസ് (ഹസാഡ് ആൻഡ് റിസ്ക് അനലിസ്റ്റ്, കെ.എസ്.ഡി.എം.എ), ഡോ. പ്രതീഷ് സി. മാമ്മൻ (യൂണിസെഫ് - കെ.എസ്.ഡി.എം.എ) എന്നിവർ ക്‌ളാസ്സുകൾ എടുത്തു. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചു 30 ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു. പങ്കെടുത്ത വകുപ്പുകളിൽ ജൈവ ആവാസവ്യവസ്ഥയിൽ ഊന്നിക്കൊണ്ടുള്ള ദുരന്ത ലഘൂകരണ സാധ്യതകൾ വിലയിരുത്തുകയും അവ നടപ്പാക്കുന്നതിനുള്ള നടപടികളും ചർച്ച ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ