എടപ്പാൾ മേൽപ്പാലം മലപ്പുറം ജില്ലയിലെ ഒരു ടൗണിന് കുറുകെ സംസ്ഥാന-ദേശീയ പാതകൾക്ക് മുകളിലൂടെ പണിത പ്രഥമ മേൽപ്പാലമാണ്. ഈ പാലം പുതുവൽസര സമ്മാനമായി ബഹു: പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ജനുവരി 8ന്ന് നാടിന് സമർപ്പിക്കും.
ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന എടപ്പാളിനെ ശാശ്വതമായി രക്ഷിക്കാനും ഇതുവഴി കടന്ന് പോകുന്ന ദീർഘദൂര യാത്രക്കാരുടെ പ്രയാസങ്ങൾ എന്നന്നേക്കുമായി ദൂരീകരിക്കാനും വേണ്ടിയാണ് എടപ്പാൾ ഫ്ലൈഓവർ പദ്ധതി PWD വകുപ്പ് വിഭാവനം ചെയ്തത്. 2012 ലാണ് എടപ്പാൾ മേൽപ്പാലവുമായി ബന്ധപ്പെട്ട ആദ്യ പ്രപ്പോസൽ അന്നത്തെ സർക്കാരിന് നൽകിയത്.
2016 ൽ പ്രസ്തുത സ്കീം ഒന്നാം പിണറായി സർക്കാറിൻ്റെ പരിഗണനക്കായി സമർപ്പിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിന് ആവശ്യമായ തുക അനുവദിച്ചു. സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തി ടെൻഡർ ചെയ്തു. ആദ്യ തവണ ഭീമമായ തുക അധികമായി ക്വോട്ട് ചെയ്തതിനാൽ രണ്ടാമതും ടെൻഡർ ചെയ്യേണ്ടിവന്നു. അതിൽ ഏറ്റവും കുറച്ച് ക്വോട്ട് ചെയ്തത് ഏറനാട് എഞ്ചിനീയറിംഗ് എൻ്റെർപ്രൈസസാണ്. ടെൻഡർ തുകയെക്കാൾ 33% വർധിച്ച തുകക്കാണ് അവർ ടെൻഡർ ചെയ്തെടുത്തത്. കരാർ ലഭിച്ചെങ്കിലും ക്യാബിനറ്റിൻ്റെ പ്രത്യേക അംഗീകാരം അധികസംഖ്യ ലഭിക്കുന്നതിന് കമ്പനിക്ക് ആവശ്യമായിരുന്നു. മന്ത്രിസഭ ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതോടെയാണ് എടപ്പാൾ ഫ്ലൈഓവർ നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
19.1.2019 ന് സ്ഥലം എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കേരള നിയമസഭ സ്പീക്കറായിരുന്ന ശ്രീ പി ശ്രീരാമകൃഷ്ണൻ മേൽപ്പാല നിർമ്മാണ പ്രവൃത്തിക്ക് തുടക്കമിട്ടു. 1.2.2019 ന് റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷൻ നിർമ്മാണം തുടങ്ങാൻ ഏറനാട് എഞ്ചിനീയറിംഗ് എൻ്റെർപ്രൈസിന് നോട്ടീസ് നൽകി. 2019 ലെ പ്രളയവും തുടർന്ന് വന്ന കോവിഡും നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ നേരിട്ട അപ്രതീക്ഷിത പ്രായോഗിക ബുദ്ധിമുട്ടുകളും സമയ ബന്ധിതമായി പ്രവൃത്തി മുഴുമിപ്പിക്കുന്നതിന് തടസ്സമായി. കരാർ വ്യവസ്ഥ പ്രകാരം ഒന്നര വർഷം കൊണ്ട് പണി തീർക്കാനാണ് ലക്ഷ്യമിട്ടത്. എന്നാൽ നിശ്ചയിച്ചതിനെക്കാൾ ഒരു വർഷം കഴിഞ്ഞാണ് പ്രവൃത്തി പൂർത്തിയാകുന്നത്. നിരന്തരമായ ഉദ്യോഗസ്ഥതല യോഗങ്ങൾ വിളിച്ചാണ് പലപ്പോഴും സാങ്കേതിക കുരുക്കുകൾ അഴിച്ചത്. പാലത്തിന് താഴെയുള്ള സർവീസ് റോഡുകൾ ക്ലിയർ ചെയ്തത് വ്യാപാരികളും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവരുമായുള്ള കൂടിയാലോചനകളിലൂടെയാണ്. കച്ചവടക്കാരും ടാക്സി-ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും സാമൂഹ്യ-രാഷട്രീയ സംഘടനകളും എടപ്പാൾ മേൽപ്പാലം യാഥാർത്ഥ്യമാകുന്നതിന് ആത്മാർത്ഥമായി സഹകരിച്ചു. കോടതി വ്യവഹാരങ്ങൾക്കൊന്നും ആരും മുതിരാത്തത്കൊണ്ട് എല്ലാം ഭംഗിയായി പര്യവവസാനിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ നവവൽസര സമ്മാനമായി 2022 ജനുവരി 8 ന് രാവിലെ പത്ത് മണിക്ക് ബഹുമാന്യനായ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് എടപ്പാൾ ഫ്ലൈഓവർ ജനങ്ങൾക്ക് തുറന്നു കൊടുക്കും. സ്ഥലം എം.പി ശ്രീ ഇ.ടി മുഹമ്മദ് ബഷീർ സാഹിബും തൊട്ടടുത്ത മണ്ഡലങ്ങളിലെ എം.എൽ.എമാരായ പി. നന്ദകുമാറും പ്രൊ: ആബിദ് ഹുസൈൻ തങ്ങളും മുഖ്യാതിഥികളായി പങ്കെടുക്കും. എടപ്പാളിൻ്റെ മുഖച്ഛായ മാറാൻ കളമൊരുക്കുന്ന പദ്ധതിയാണ് ഒരുപാട് പ്രയാസങ്ങൾക്കൊടുവിൽ പൂവണിയുന്നത്. 10.26 കോടി രൂപ ചെലവിൽ എസ്റ്റിമേറ്റ് എടുത്ത പാലനിർമ്മാണം 13.68 കോടി ഉപയോഗപ്പെടുത്തിയാണ് പൂർത്തിയാകുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ