തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാർഥികൾക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സർക്കാർ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകളും 391 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂർത്തിയാക്കി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ