കന്നും പുറം.രാജസ്ഥാനിലെ ജയ്പൂർ സവായിമാൻ സിംഗ് സ്‌റ്റേഡിയത്തിൽ വെച്ചു നടന്ന 39 മത് ആൾ ഇന്ത്യാ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ വെള്ളിയും, ലോംഗ്ജംപിൽ ബ്രോൺസും നേടി ജില്ലയുടെ അഭിമാനമായി മാറിയ കുന്നുംപുറം സ്വദേശിയും, കക്കാടംപുറം അബ്ദുറഹിമാൻ നഗർ ജി.യു.പി.സ്കൂൾ അധ്യാപകനുമായ കെ.മുഹമ്മദ് മാസ്റ്റർക്ക് കുന്നംപുറം പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. കൊളപ്പുറത്തു നിന്നും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കക്കാടംപുറം, കുന്നുംപുറം പ്രദേശങ്ങളിൽ ഹാരമണിയിച്ചു സ്വീകരണം നൽകി .നിസാർ 'എം, മിർഷാദ്. പി.കെ, ഷാനവാസ്.സി, ഷിബു, ഇബ്രാഹിം, ഇജാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം.സി.പി. സ്വാഗതവും, വി.ടി.ഇഖ്ബാൽ നന്ദിയും പറഞ്ഞു.മാർച്ചിൽ മലേഷ്യയിൽ വെച്ചു നടക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റർ
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
