ഒരു നാട് മുഴുവൻ ഗിരിജയുടെ കല്യാണത്തിന്റെ ആഹ്ലാദത്തിലാണ്. വേങ്ങര പറമ്പിൽ പടി ശ്രീ അമ്മാഞ്ചേരി ക്ഷേത്ര പരിസരത്തെ പന്തലിൽ നാളെ രാവിലെ 8.30 നും 9 മണിക്കും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ എടയൂരിലെ രാകേഷ് ഗിരിജയുടെ കഴുത്തിൽ മിന്ന് ചാർത്തും. പത്ത് വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മക്കും അനിയത്തിക്കുമൊപ്പം വലിയോറ മനാട്ടിപ്പറമ്പിലെ റോസ് മനാർ അഗതി മന്ദിരത്തിൽ എത്തിയതാണ് പാലക്കാട് സ്വദേശിയായ ഗിരിജ. പിന്നെ ഒരു നാട് മുഴുവൻ അവർക്ക് താങ്ങും തണലുമായി. ദിവസങ്ങളായി തങ്ങളുടെ വളർത്തു മോളുടെ കല്യാണത്തിനുള്ള ഒരുക്കത്തിലാണ് ഇവിടത്തെ ചെറുപ്പം. സുമനസ്സുകളുടെ സഹായത്തോടെ കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കി, വിവാഹ സുദിനം കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്, മുസ്‌ലിം യൂത്ത്ലീഗ് പ്രവർത്തകർ
ഗിരിജ ദമ്പതികൾക്ക് സ്നേഹത്തിൽ പൊതിഞ്ഞ മംഗളാശംസകൾ....
നാടൊരുങ്ങിയൊരു മാംഗല്യം: ഗിരിജക്ക് രാകേഷ് നാളെ മിന്നുചാർത്തും
വേങ്ങര: വലിയോറ മനാട്ടിപറമ്പ് റോസ് മാനർ അഗതിമന്ദിരത്തിലെ അന്തേവാസി ഗിരിജക്ക് നാടൊരുങ്ങിയൊരു മംഗല്യം.ഗിരിജയും (19) എടയൂർ സി.കെ പാറയിലെ രാകേഷും തമ്മിലെ വിവാഹം ഞായറാഴ്ച്ച രാവിലെ 8.30 നും 9.00 നും ഇടയിലുള്ള ശുഭ മുഹൂർതത്തിൽ പറമ്പിൽ പടി ശ്രീ അമാഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ വെച്ച് എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും.
പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി പാലക്കാട് സ്വദേശിയായ ഗിരിജ അമ്മയോടും അനിയത്തിയോടും ഒപ്പം റോസ് മനാറിലാണ് താമസിക്കുന്നത്. വരൻ രാകേഷുമായുള്ള വിവാഹം ഉറപ്പിക്കുന്നത് മുതൽ മുഴുവൻ കാര്യങ്ങൾക്കും നേത്യത്വം നൽകുന്നത് റോസ് മാനർ സൂപ്രണ്ട് ധന്യയോടൊപ്പം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തകരാണ്.
മനുഷ്യസ്നേഹികളായ ഒരുപാട് പേരുടെ പിന്തുണയോടെ ഗിരിജക്ക് ഉള്ള കല്യാണ വസ്ത്രങ്ങളും ആഭരണങ്ങളും സംഘടിപ്പിച്ചതിന് പുറമെ 600 പേർക്കുള്ള വിവാഹ സദ്യയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി റോസ് മനാറിലെ അന്തേവാസികൾക്കുള്ള ഭക്ഷണ ചെലവ് മനാട്ടിപറമ്പ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കണ്ടെത്തി വരുന്നത്. അതോടൊപ്പം നാട്ടുകാരും മറ്റ് മനുഷ്യസ്നേഹികളും പല തരത്തിലുള്ള സഹായമായി റോസ് മനാറിൽ എത്താറുണ്ട്.
ഞായറാഴ്ച്ച നടക്കുന്ന ഗിരിജയുടെ കല്യാണം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇതിൻ്റെ അണിയറ പ്രവർത്തകർ. താലികെട്ടിന് ശേഷം ക്ഷേത്ര പരിസരത്ത് നടക്കുന്ന ആശിർവാദ ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഇടി മുഹമ്മദ് ബഷീർ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, എ.പി ഉണ്ണികൃഷ്ണൻ, ടി.പി.എം ബഷീർ, മറ്റ് ജന പ്രതിനിധികൾ, വിവിധ മത - രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ