വേങ്ങര: തരിശായി കിടന്ന വെള്ളക്കെട്ടിൽ ഇനി താമരപ്പൂക്കൾ ചിരിക്കും. വേങ്ങര കൂരിയാട്ടെ കാട്ടുപാടത്ത് മൂന്ന് കർഷകർ ചേർന്ന് നടത്തിയ പരീക്ഷണം വിജയത്തിലേക്ക്. വേങ്ങര കൂരിയാട് റോഡിൽ സബ് സ്റ്റേഷന് സമീപമുള്ള ഒന്നരയേക്കർ വെള്ളക്കെട്ടിലാണ് ചുവന്ന താമരകൾ വിരിഞ്ഞുനിൽക്കുന്നത്. സനൽ അണ്ടിശ്ശേരി, അബ്ദുൽ റിയാസ് മേലെയിൽ, എം.പി. ശിവപ്രകാശ് എന്നിവരുടെ കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിൽ. കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ള, എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഇവരെ താമരക്കൃഷിയിലേക്ക് എത്തിച്ചത്.
ജില്ലയിലെ താമരക്കൃഷിയുടെ കേന്ദ്രമായ തിരുനാവായയിലെ കർഷകരിൽ നിന്നാണ് ഇവർ വിത്തുകൾ ശേഖരിച്ചത്. ആറ് മാസം മുമ്പ് നട്ട ചുവന്ന താമരയിനമാണ് ഇപ്പോൾ പൂവിട്ടു തുടങ്ങിയത്. ആദ്യഘട്ടത്തിൽ പ്രാദേശിക വിപണികളിലായിരുന്നു വിൽപ്പനയെങ്കിൽ, ഇപ്പോൾ ആവശ്യക്കാർ ഏറിയതോടെ ശനിയാഴ്ച മുതൽ ബംഗളൂരിലേക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ