മലപ്പുറം ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോൾ. കയർ വികസന വകുപ്പ് ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ ആയാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി ,അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർ.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു. വിദ്യാഭ്യാസം ബി എസ് സി - ജന്തുശാസ്ത്രം , എം എ - ഇംഗ്ലീഷ് സാഹിത്യം. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ എസ്.കെ സ്വപ്ന. രണ്ട് പെൺമക്കൾ വിദ്യാർത്ഥിനികൾ.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ