കാരാത്തോട് കടലുണ്ടി പുഴയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു:ഒരാൾ മരിച്ചു

മലപ്പുറം കാരാത്തോട് പുഴക്കടവിലാണ് സംഭവം

മലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന്‍ നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനുവന്ന വിദ്യാര്‍ഥി കുടുംബത്തോടൊപ്പം കുളിക്കാന്‍ കടലുണ്ടി പുഴയിലിറങ്ങിയതായിരുന്നു. നാസിമിന്റെ മാതൃസഹോദരിയുടെ മകന്‍ മൂഹമ്മദ് ജാസിമും (17) ഒഴുക്കില്‍പെട്ടിരുന്നുവെങ്കിലും നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയാണ് ഒഴുക്കില്‍പെട്ട വിവരം നാട്ടുകാര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴര മണിയോടെ നാസിമിന്റെ മൃതദേഹം കണ്ടെടുത്തു. പുഴയില്‍ വലിയ അടിയൊഴുക്കുണ്ടായിരുന്നെന്നും ഇതാകാം അപകടത്തിന് കാരണമെന്നുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ പറയുന്നത്. ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസില്‍ ഒൻപതാം ക്ലാസ്വിദ്യാര്‍ഥിയാണ് നാസിം. മാതാവ്: സുനീറ. സഹോദരി: റിയ ഫാത്തിമ.