പുതുമഴയിൽ വീടിനടുത്തുള്ള പുഴയോ, കൈത്തോടോ പോലുള്ള ജലാശയങ്ങളില്‍ നിന്ന് ചൂണ്ടയിടുന്നത് നിയമപ്രകാരം തെറ്റാണോ?


പുതുമഴയത്ത് മീനുകള്‍ ജലാശയങ്ങളില്‍ നിന്ന് കൈത്തോടുകളിലേക്ക് കയറി വരുന്നത് മുട്ടയിടാനും വംശ വര്‍ധനയ്ക്കുമായാണ്. മീന്‍ കുഞ്ഞുങ്ങളെ ഉള്‍പ്പെടെ കണ്ണിഅടുത്ത 
വലകൊണ്ട് പിടിക്കുന്നതിനാല്‍ വലിയ തോതില്‍ മത്സ്യസമ്പത്ത് നശിക്കുന്നുണ്ട്. നിരോധിച്ച വലകളും , കുടുകളും ഉപയോഗിക്കുന്നതും , വലകള്‍ കൊണ്ടും , 
മരം കൊണ്ടും , തോട് അടച്ചുകെട്ടി നീരൊഴുക്ക് തടഞ്ഞ് മീന്‍ പിടിക്കുന്നതും കേരള ഉള്‍നാടന്‍ മത്സ്യബന്ധന നിയമം (2010) അനുസരിച്ച് 6 മാസം തടവും , 15,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ക്കും , അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഫിഷറീസിനും മേല്‍ നടപടികള്‍ സ്വീകരിക്കാം. 
ചൂണ്ടകളും കണ്ണിഅകലമുള്ള വലകളും മീന്‍ പിടിക്കാന്‍  ഉപയോഗിക്കാം. വൈദ്യുതി വയര്‍ വെള്ളത്തിലിട്ട് ഷോക്കടിപ്പിച്ചും , പഴയ രീതിയായ നഞ്ച് (വിഷം) കലക്കിയും , തോട്ട പൊട്ടിച്ചുമുള്ള മീന്‍ പിടുത്തവും കുറ്റകരമാണ്. ഇത് വളരെ അപകടകരവുമാണ്. മേയ്, ജൂണ്‍ മാസങ്ങളാണ് ഉള്‍നാടന്‍ മത്സ്യങ്ങളുടെ മുട്ടയിടല്‍ കാലം. പണ്ടേയുള്ള മണ്‍സൂണ്‍ കാല വിനോദവും ശീലവുമാണ് ഈ പരിപാടി . മിക്കവർക്കും ഇതൊരു ഹരമാണ് . ഇതിനെ 
നാട്ടിൻപുറങ്ങളിൽ ഊത്തപിടിക്കുക എന്നാണ് പറയുന്നത്.  കിട്ടുന്ന മീന്‍ പരമാവധി പിടിക്കുക എന്നാണ് ഊത്ത പിടുത്തക്കാരുടെ ശൈലി.
 കുറച്ചു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന പരിപാടിയാണങ്കിലും വലിയ തോതിലുള്ള മത്സ്യസമ്പത്താണ് ഇവര്‍ നശിപ്പിക്കുന്നത്. മുന്‍ കാലങ്ങളില്‍ ചുരുങ്ങിയ പ്രദേശങ്ങളില്‍ ഒതുങ്ങി നിന്നിരുന്നതും കുറച്ച് മത്സ്യങ്ങള്‍ മാത്രമാണ് ഊത്ത പിടിച്ചിരുന്നത്. എന്നാല്‍ കൂട്ടത്തൊടെ പിടിക്കാനിറങ്ങുന്നവര്‍ വലിയ തോതിലാണ് മീനുകളെ പിടിക്കുന്നത്. 
ജലാശയങ്ങളില്‍നിന്ന് ചെറു ചാലുകളിലൂടെയും , കൈത്തോടുകള്‍ വഴി പാടത്തേക്കും മറ്റും കയറി വരുന്ന മീനുകള്‍ വയര്‍ നിറയെ മുട്ടയുമായാണ് വരുന്നത്. ഒരു മീന്‍ മുട്ട ആയിരം മീനാണ്, അവരെ വിരിയാന്‍, വളരാന്‍ അനുവദിച്ചാല്‍ നമ്മുടെ ജലാശയങ്ങള്‍ നാട്ടു മീനുകളെ കൊണ്ട് നിറയും. മണ്‍സൂണ്‍ കാലം മീനുകളുടെ പ്രജന സമയമാണ്. 
അവയില്‍ പലതും വംശനാശം വന്നു പോകുന്നതാണ്. ഒരു കാലത്ത് സുലഭമായിരുന്ന മഞ്ഞക്കൂരി, ആരകരന്‍, പൂളാന്‍, വയമ്പ് എന്നീ മീനുകള്‍ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഊത്ത പിടിക്കാതെ രണ്ടു മാസം കാത്തിരുന്നാല്‍ കുളങ്ങളും , തോടുകളും , വയലുകളിലും വിരിഞ്ഞിറങ്ങുന്ന മീനുകളെ കൊണ്ട് നിറയും. 
സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ ഊത്ത പിടുത്തത്തിനെതിരെ മുന്‍പില്ലാത്ത വിധം വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. അതില്‍ മത്സ്യസമ്പത്തിനോടുള്ള കരുതലുണ്ട്. അതില്‍ ചൂണ്ടക്കാരെയും ഊത്ത പിടുത്തക്കാരായി ചിലര്‍ ചിത്രീകരിച്ച് കാണിക്കുന്നുണ്ട്. ഊത്ത പിടുത്തക്കാര്‍ പലപ്പോഴും ആവശ്യത്തില്‍ കൂടുതല്‍ മീന്‍ ഒരേ സമയം പിടിച്ചെടുക്കുകയാണ് ചെയ്യുന്നത് എന്ന പഴി കേള്‍ക്കുന്നവരാണ്. അതവര്‍ ഒറ്റയ്ക്കല്ല, കൂട്ടമായി വീതിച്ചെടുക്കുകയും ചെയ്യും. 
എന്നാല്‍ ആംഗ്ലേഴ്‌സ് എന്നറിയപ്പെടുന്ന ചൂണ്ടക്കാരുടെ ' റോഡ് അന്‍ഡ് റീല്‍ '  കൊണ്ടുള്ള ഹുക്കില്‍  ഊത്തകളെ പിടിക്കാനുമാകില്ല. വലിയ മീനുകളാണ് അവരില്‍ ഭൂരിഭാഗവും ലക്ഷ്യമിടുന്നത്.
 ചെമ്പല്ലിയും , കാളാഞ്ചിയും, അമൂറും, അപൂര്‍വമായി ഇന്ത്യന്‍ സാല്‍മണും ഇവര്‍ കയ്യടക്കൊടെ പൊക്കിയെടുക്കും. 
തോടുകളുടെ ഓരം ചേര്‍ന്ന് നീന്തി മുട്ടയിടാന്‍ പോകുന്ന മീനുകള്‍ ഗര്‍ഭിണികളെപ്പോലെ അബലരാണ്. അവരെ എളുപ്പത്തില്‍ പിടിക്കാന്‍ പറ്റും . അവരെ വളരാന്‍ അനുവദിക്കണം. ചൂണ്ടക്കാരുടെ കൂട്ടായ്മയായ ആംഗ്ലിങ് ക്ലബുകള്‍ ഇതിനെതിരെ ബോധവല്‍ക്കണം നടത്തുന്നുണ്ട്. മണിക്കൂറുകളോളം കാത്തുനിന്ന്  ചൂണ്ടയില്‍ പിടിച്ച മീനുകളെ ഉടനെ തന്നെ ജലാശയത്തിലേക്ക് വിടുന്ന അപൂര്‍വം മഹാ മനസ്‌കരും ഇക്കൂട്ടത്തിലുണ്ട്. അതായത് ക്യാച്ച് ആന്‍ഡ് റിലീസ് രീതി.
എല്ലാ മത്സ്യങ്ങളും ഭാവിയിലും വേണം, നമുക്കും നമ്മുടെ മക്കള്‍ക്കും വേണം . കേരളത്തിന്റെ മത്സ്യ സമ്പത്ത് തലമുറകളോളം നിലനില്‍ക്കണം എന്നതാണ് ആവശ്യം. അതിനായി കേരളത്തിർ ആംഗ്ലേള്‌സ് ക്ലബ് ആലപ്പി , കേരള ആംഗ്ലേഴ്‌സ് ട്രൈബ് അംഗങ്ങൾ തുടങ്ങിയ സംഘടനകൾ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ് .  തമിഴ്‌നാട്ടില്‍ ഹാച്ചറിയില്‍ വിരിഞ്ഞിറങ്ങിയ ചെമ്പല്ലിക്കുഞ്ഞുങ്ങളെ നിയമം അനുവദിച്ചാൽ വാങ്ങി പൊതുജലാശയങ്ങളില്‍ നിക്ഷേപിക്കാനും പദ്ധതിയുണ്ട് . കൂടുതലായി അവര്‍ ലക്ഷ്യമിടുന്നതും ചെമ്പല്ലികളെയാണ്. 
പ്രകൃതിയോടും , മത്സ്യസമ്പത്തിനോടും കരുതലുള്ള ഒരു വിഭാഗം പേര്‍ സേവ് ഇന്‍ലാന്‍ഡ് ഫിഷസ് എന്ന ഹാഷ് ടാഗില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.
അവര്‍ പറയുന്നത്  "വയറു നിറയെ മുട്ടകളുമായി വരുന്ന മീനുകളെ പിടിക്കരുത്  .ഒരു വെളവല്ല! ഒരു കഴിവുമല്ല, അത് നെറികേടാണ്, അക്രമവും. 
പണ്ടേ ചെയ്യുന്നതാണ് എന്ന വാദം പുതുമഴയിലെ മീന്‍വേട്ടയ്ക്കുള്ള ന്യായമല്ല അന്യായമാണ്, അക്രമമാണ് ".
മേയ്, ജൂണ്‍ മാസങ്ങള്‍ മീനുകൾ മുട്ടയിടുന്ന കാലമാണ്. അതു കഴിഞ്ഞിട്ട് മതി മീന്‍ പിടിത്തം.ഊത്തപിടുത്തം ഒരു ആഘോഷമല്ല, എതിര്‍ക്കപ്പെടേണ്ട അക്രമമാണ്. 
ഊത്ത പിടുത്തം നിർത്തിയാൽ കേരളത്തിലെ ശുദ്ധജല മത്സ്യങ്ങളെ സംരക്ഷിക്കാം .
തോടും , പുഴയും അടച്ചുകെട്ടി കൊതുകു വല പോലെ നേര്‍ത്ത വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് അന്യായമാണ്, കുറ്റകരമാണ്. 
മീനുകൾ മുട്ടയിടാനാണ് പുതുമഴയില്‍ തോടുകളിലേക്കും , വയലിലേക്കും വരുന്നത്. അവരെ  കശാപ്പ് ചെയ്യരുത്.പുതുമഴയിലെ മത്സ്യവേട്ട ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു.