വേങ്ങര: തെങ്ങുകൃഷിയാണ് നാട്ടിലെ കൃഷിയുടെ നട്ടല്ലെന്നും അതിൽ പരിഷ്കാരങ്ങൾ വരേണ്ടത് ആവശ്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ. കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങര ഗ്രാമപ്പഞ്ചായത്ത് കർഷകർക്ക് അനുവദിച്ച തെങ്ങുകയറ്റയന്ത്രങ്ങളുടെ വിതരണവും യന്ത്രങ്ങളുപയോഗിച്ച് തെങ്ങുകയറാനുള്ള പരിശീലനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 150 കർഷകർക്കാണ് യന്ത്രങ്ങൾ വിതരണം ചെയ്തത്. നാളികേരകൃഷി വികസനം ലക്ഷ്യമാക്കി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിലെ 625 ഏക്കറിലെ 43,750 തെങ്ങുകൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കൃഷി ഡയറക്ടർ പ്രകാശ് പുത്തൻമഠത്തിൽ, കൃഷി ഓഫീസർ എം. നജീബ് എന്നിവർ പദ്ധതി വിശദീകരിച്ചു. ടി.കെ. പൂച്യാപ്പു, സെക്രട്ടറി കെ.കെ. പ്രഭാകരൻ, യൂസുഫലി വലിയോറ, എ.കെ. സലീം, പി.എച്ച്. ഫൈസൽ, മങ്കട മുസ്തഫ, സഹീർ അബ്ബാസ് നടക്കൽ, എൻ.ടി. ഷെരീഫ്, കെ.പി. ഫസൽ എന്നിവർ പ്രസംഗിച്ചു.
കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച്; വേങ്ങരയിൽ കാഴ്ചപരിമിതരുടെ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച് കായികലോകത്ത് പുതിയ ചരിത്രമെഴുതി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) സഹകരണത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന കാഴ്ചപരിമിത വോളിബോൾ ചാമ്പ്യൻഷിപ്പ് വലിയോറ വി.വി.സി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. കണ്ണഞ്ചിക്കുന്ന പോരാട്ടവീര്യം കണ്ട ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 40 കാഴ്ചപരിമിത താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 'ട്രിംപ് ട്രാകേൽസ്' ചാമ്പ്യന്മാരായപ്പോൾ, 'എബിലിറ്റി അവഞ്ചേഴ്സ് ബി' ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഴ്ചപരിമിതരുടെ കായികരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തി സംസ്ഥാന കായിക കോച്ച് എം.വി. രാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ...