നോയിഡയിലെ സെക്ടർ 93 എ യിൽ നിലനിന്ന വിവാദമായ ട്വിൻ ടവർ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് തകർത്തത്. 30ഉം 32ഉം നിലകളുള്ള ടവറുകൾ ഞൊടിയിടകൊണ്ട് പൊടിപടലങ്ങളായി മാറി. രാഷ്ട്രീയ - ഉദ്യോഗസ്ഥ തല അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ അനധികൃത നിർമ്മിതിയും ഇപ്പോൾ ഇത് തകർത്തതും. മരടിലെ തകർക്കപ്പെട്ട ഫ്ലാറ്റ് സമുച്ഛയങ്ങൾ പോലെതന്നെ.
ഇരട്ട ഗോപുരങ്ങൾ തകർന്നതിനെത്തുടർന്ന് കമ്പനിക്ക് 500 കോടിയോളം നഷ്ടമുണ്ടായതായി ഈ ടവറുകളുടെ നിർമ്മാതാക്കളായ റിയൽ എസ്റ്റേറ്റ് കമ്പനി സൂപ്പർടെക് അവകാശപ്പെട്ടു.
ഭൂമി വാങ്ങുന്നത് മുതൽ ഇരട്ട ടവർ നിർമാണം വരെ, വിവിധ അംഗീകാരങ്ങൾക്കായി അധികൃതർക്ക് നൽകിയ പണമിടപാടുകൾ കൂടാതെ ബാങ്കുകൾക്ക് വർഷങ്ങളായി നൽകിയ പലിശയും രണ്ട് ടവറുകളിലെയും അപ്പാർ ട്ട്മെന്റുകൾ വാങ്ങിയവർക്ക് നൽകിയ 12 ശതമാനം പലിശയും കമ്പനിക്ക് നഷ്ടമായി. മൊത്തം 500 കോടിയുടെ നഷ്ടം.
സൂപ്പർടെക്ക് കമ്പനിയുടെ എമറാൾഡ് പ്രോജക്ടിന്റെ ഭാഗമായിരുന്നു നോയിഡയിലെ സെക്ടർ 93 എയിൽ നിർമ്മിച്ച ഏകദേശം 8 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ ട്വിൻ ട്വിൻ ടവറുകൾ. ഇതിലെ 900 അപ്പാർട്ടുമെന്റുകളുടെ മൊത്തം വിപണി മൂല്യം 700 കോടിയോളമാണ് കണക്കാക്കിയിരുന്നത്.
നാൾവഴികളിലൂടെ ..
2004: നോയിഡയിലെ സെക്ടർ 93 എയിൽ ഒരു ഭവന പദ്ധതിയുടെ വികസനത്തിനായി സൂപ്പർടെക്കിന് നോയിഡ അതോറിറ്റി സ്ഥലം അനുവദിച്ചു, തുടർന്ന് അവർ 'എമറാൾഡ് കോർട്ട്' സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചു.
2005: എമറാൾഡ് കോർട്ടിന്റെ ഭവന പദ്ധതിക്ക് നോയിഡ അതോറിറ്റി അംഗീകാരം നൽകി. ഇതിൽ പത്ത് നിലകളുള്ള 14 റസിഡൻഷ്യൽ ടവറുകൾ നിർമ്മിക്കാനാണ് സൂപ്പർടെക്കിന് അനുമതി നൽകിയത്.
2006: പദ്ധതിക്കായി സൂപ്പർടെക് കൂടുതൽ ഭൂമി ആവശ്യപ്പെടുകയും നോയിഡ അതോറിറ്റിയിൽ നിന്ന് അനുമതി നേടുകയും ചെയ്തു. മറ്റൊരു റസിഡൻഷ്യൽ ടവർ ഇതോടൊപ്പം ചേർക്കാൻ പദ്ധതി ഭേദഗതി ചെയ്തു. ആ പുനരവലോകനത്തിനുശേഷം, ആസ്റ്റർ 1 മുതൽ 8 വരെയും ആസ്പയർ 1 മുതൽ 4 വരെയും എമ്പയർ 1 മുതൽ 3 വരെയും ആകെ 15 റെസിഡൻഷ്യൽ ടവറുകൾ നിലവിൽ വന്നു.
2009: ഒരു സൊസൈറ്റി രൂപീകരിക്കാനുള്ള പദ്ധതി രൂപപ്പെടുത്തി സൂപ്പർടെക് വീണ്ടും ഗൂഢനീക്കത്തിലൂടെ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. ഇത്തവണ 24 നിലകളുള്ള രണ്ട് ടവറുകൾ കൂടി അപെക്‌സ്, കയെൻ എന്നിവ പ്ലാൻ ചെയ്ത് നിർമ്മാണം ഉടൻ ആരംഭിക്കുകയും ചെയ്തു. ഇതെല്ലം ചട്ടലംഘനത്തിലൂടെയാണ് നോയിഡ അതോറിറ്റിയുടെ ഒത്താശയോടെ നടത്തപ്പെട്ടത്.
തുടർന്ന് കെട്ടിട നിർമാണത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി സൊസൈറ്റിയിലെ ചില താമസക്കാർ പ്രതിഷേധിച്ചു രംഗത്തെത്തി . അന്ന് എമറാൾഡ് കോർട്ടിൽ 40 മുതൽ 50 വരെ ആളുകൾ മാത്രമേ താമസക്കാരായി ഉണ്ടായിരുന്നുള്ളു.
2012: നിർമ്മാതാക്കൾ അപെക്സ്, കയെൻ ടവറുകളിലെ നിലകളുടെ എണ്ണം 24 ൽ നിന്ന് 40 ആയി ഉയർത്തി നിർമ്മാണം തകൃതിയായി നടന്നു.
ഡിസംബർ 2012: എമറാൾഡ് കോർട്ട് റസിഡന്റ്സ് അസോസിയേഷൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ജനങ്ങളുടെ സമ്മതം, കോടതിയിലെ ഗ്രീൻ ഏരിയയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളും ടവറുകളും തമ്മിൽ കുറഞ്ഞത് 16 മീറ്റർ അകലം, തുടങ്ങിയ നിയമങ്ങളുടെ ലംഘനം പരിസരവാസികൾ തെളിവുകൾ സഹിതം കോടതിയെ ബോധിപ്പിച്ചു..
2014 മെയ്: സഹായം തേടി സൂപ്പർടെക് സുപ്രീം കോടതിയെ സമീപിച്ചു, എല്ലാവിധത്തിലുള്ള അനുമതികളും സ്വീകരിച്ചതായും നിയമം പൂർണ്ണമായും പാലിച്ചതായും അവർ കോടതിയിൽ വാദിച്ചു.
ഓഗസ്റ്റ് 31, 2021: നിയമവിരുദ്ധമായി ഈ ട്വിൻ ടവറുകൾ നിർമ്മിക്കുന്നതിൽ ബിൽഡർമാർക്കൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ദുരൂഹമായ പങ്ക് സുപ്രീം കോടതി കണ്ടെത്തുകയും തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ ഇരട്ട ഗോപുരങ്ങൾ പൊളിക്കാനും ഉത്തരവിടുകയായിരുന്നു.
2022 ഫെബ്രുവരി: മെയ് 22 ന് ഇരട്ട ഗോപുരങ്ങൾ പൊളിക്കുമെന്ന് നോയിഡ അതോറിറ്റി സുപ്രീം കോടതിയെ അറിയിച്ചു.
2022 മെയ് 17: ട്വിൻ ടവറുകൾ പൊളിക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 28 വരെ നീട്ടി സുപ്രീം കോടതി.
2022 ഓഗസ്റ്റ് 28: എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി രാഷ്ട്രീയ - ഉദ്യോഗസ്ഥതല കൂട്ടുകെട്ട് അനധികൃതമാ യി കെട്ടിപ്പൊക്കിയ ആ ഇരട്ട ടവറുകൾ ഇന്ന് ഉച്ചയ്ക്ക് 2.30ന് 3700 കിലോഗ്രാം സ്ഫോടകവസ്ത്തുക്കളുപയോ ഗിച്ച് തകർത്തുതരിപ്പണമാക്കി.
കോടതിയോടും നിയമസംവിധാനത്തോടും അളവറ്റ ആദരവ് തോന്നിയ നിമിഷങ്ങളായിരുന്നു അത്. (VS)
Prakash Nair Melila
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ