കേരളത്തിലെ വെള്ളപ്പൊക്ക ചരിത്രം: 1341, 1790, 1825, 1853, 1882, 1907, 1919, 1924, 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, ഇപ്പോൾ 2022 ***
ഇപ്പോഴുള്ള തലമുറകളിൽ പെട്ടവർക്ക് 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021, 2022 വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ വെള്ളപ്പൊക്കങ്ങളെപ്പറ്റി അറിവുണ്ടായിരിക്കും. പത്രത്താളുകളിൽ നിന്നും അതാത് വർഷത്തെ വെള്ളപ്പൊക്ക വാർത്തകൾ കിട്ടുകയും ചെയ്യും.
എന്നാൽ അതിനു മുൻപും കേരള പ്രദേശം പല വെള്ളപ്പൊക്കങ്ങളെ കണ്ടിട്ടുണ്ട്. 1341, 1790 (കൃത്രിമ വെള്ളപ്പൊക്കം), 1825, 1853, 1882, 1907, 1919, 1924 എന്നീ വർഷങ്ങളിലും വെള്ളപ്പൊക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ചില വെള്ളപ്പൊക്കങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചിലവ വെറുതെ പറഞ്ഞു പോകുന്നതേ ഉള്ളൂ.
1341 വെള്ളപ്പൊക്കം:
നമുക്കറിയാവുന്ന ആദ്യത്തെ വെള്ളപ്പൊക്കം 1341 ലേതാണ്. പ്രളയം നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വലിപ്പം കൂട്ടി എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആധികാരിക വിവരങ്ങൾ കൊടുങ്ങല്ലൂർ-വടക്കൻ പറവൂർ മേഖലയിൽ നടന്ന പുരാവസ്തു ഖനന പഠനങ്ങളുടെയും വൈപ്പിൻ, ഫോർട്ട് കൊച്ചി ഭാഗങ്ങളിൽ നടന്ന ഭൂമിശാസ്ത്ര പഠനവും ആണ്. പെരിയാർ രണ്ടായി പിരിഞ്ഞു. ചങ്ങനാശേരി, കോട്ടയം, വൈക്കം, ചെറായി, വൈപ്പിൻ, ദ്വീപുകളുണ്ടായി. വേമ്പനാട് കായൽ ഉണ്ടായി. പനങ്ങാട് ഭാഗത്തും കുമ്പളം ഭാഗത്തും മണ്ണ് നിക്ഷേപിക്കപ്പെട്ടു. വേമ്പനാട് അഴിമുഖം, കൊച്ചി തുറമുഖം എന്നിവ രൂപപ്പെടാൻ സഹായിക്കപ്പെട്ടു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതുകാരണം പെരിയാറിൽ പഴയ ഭൂതത്താൻ കെട്ട് വലിയ ചിറ ഉണ്ടായി.
1790 - കൃത്രിമ വെള്ളപ്പൊക്കം:
1789 ഡിസംബറിൽ തിരുവിതാകൂർ പടയോട് തൊട്ടു പിന്മാറിയ ടിപ്പു 1790 ആദ്യം വീണ്ടും തിരുവിതാംകൂറിനെ ആക്രമിക്കാൻ തുനിഞ്ഞു. തിരുവിതാംകൂറിന്റെ പടത്തലവന്മാരായിരുന്ന വൈക്കം പദ്മനാഭ പിള്ളയും കുഞ്ഞുകുട്ടി പിള്ളയും പടയാളികളും ചേർന്ന് പെരിയാറിൽ 1341 ൽ പ്രകൃതിദത്തമായി രൂപപ്പെട്ട ഭൂതത്താൻകെട്ട് വലിയ ചിറ തകർത്തു പരിയാറിലും പരിസരത്തും കൃത്രിമമായി വെള്ളപ്പൊക്കമുണ്ടാക്കി. (ബാഹുബലി ഓർമ്മ വന്നു) അതിനു മുൻപേ തന്നെ ദിവാൻ രാജ കേശവദാസ് പെരിയാറിലെ ജലം കടലിലേക്ക് പെട്ടെന്ന് ഒഴുകി പോകാതിരിക്കുവാൻ കടൽഭിത്തിയുടെ ഉയരം കൂട്ടിയിരുന്നു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ടിപ്പുവിന് ആൾനാശവും യുദ്ധോപകരണ നാശവും കാര്യമായി സംഭവിച്ചു. പതറിപ്പോയ ടിപ്പു എല്ലാം മതിയാക്കി തിരിച്ചുപോയി (അതേസമയം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ശ്രീരംഗപട്ടണംആക്രമിക്കും എന്ന വാർത്തയും ടിപ്പുവിനെ ഭയപ്പെടുത്തിയിരുന്നു).
1882 വെള്ളപ്പൊക്കം:
1882-ൽ കേരളത്തെ വിഴുങ്ങിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. ചുവന്നു കലങ്ങി ആർത്തലച്ചൊഴുകിയ ആ പ്രളയത്തെ പഴമക്കാർ ചെമ്പൻ വെള്ളപ്പൊക്കം എന്ന പേരിട്ടാണ് വിളിച്ചത്..
1907 വെള്ളപ്പൊക്കം:
1907 ഒക്ടോബറില്‍ കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. അന്ന് മുല്ലപ്പെരിയാറില്‍ ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേ തുറന്നുവിട്ടു. തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ വണ്ടിപ്പെരിയാര്‍ പാലത്തില്‍ നില്‍ക്കുകയായിരുന്ന രാമന്‍ എന്ന തൊഴിലാളി ഒലിച്ചുപോവുകയായിരുന്നെന്ന് കാര്‍ഡമം ഹില്‍സ് എസ്റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. വണ്ടിപ്പെരിയാറിലെ ജങ്കാര്‍ ഒഴുകിപ്പോയതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
1924 വെള്ളപ്പൊക്കം:
തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നാണ് ഇത് അറിയപ്പെടുന്നത്. 1924 മലയാളമാസം 1099 ആയതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്. കേരളം കണ്ട മഹാപ്രളയം എന്നാണു ഈ വെള്ളപ്പൊക്കത്തിനെ വിളിക്കുന്നത്. ജൂലായ് 17 തുടങ്ങി മൂന്നാഴ്ച്ച നീണ്ടു നിന്ന മഹാമാരി കേരളത്തിലെ മലനാടെന്നോ, ഇടനാടെന്നോ, വയൽനാടെന്നോ, തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ ദുരിതത്തിലാഴ്ത്തി. ഈ പ്രളയം മഹാപ്രളയമെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്താൻ മൂന്ന് കാരണങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന്, 21 ദിവസത്തോളം നീണ്ടുനിന്ന കനത്ത കാലവര്‍ഷം (മൂന്നാർ മേഖലയിൽ മാത്രം 4400 mm ഓളം മഴ പെയ്തിറങ്ങി എന്നാണു കണക്ക് - അതായത് സംസ്ഥാനത്തു ഒന്നരവർഷം പെയ്യേണ്ട മഴ ഒരു പ്രദേശത്തു 21 ദിവസം കൊണ്ട് പെയ്തു. രണ്ട്, വെള്ളം വലിഞ്ഞു പോകുന്നതിനുണ്ടായ കാലതാമസം. മൂന്ന്, ഏറ്റവും വലിയ നാശനഷ്ടങ്ങൾ വരുത്തിയ പ്രളയം.
എവിടെയൊക്കെ താഴ്ന്ന പ്രദേശമുണ്ടോ, അവിടമെല്ലാം മുങ്ങിപ്പോയിരുന്നു. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കേരളത്തെ ആക്രമിച്ചു.ആലപ്പുഴ ജില്ല മുഴുവനായും എറണാകുളം ജില്ലയുടെ നാലിൽ മൂന്ന് ഭാഗവും മുങ്ങി. മദ്ധ്യ തിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. തിരുവനന്തപുരം ഭാഗത്തു തെങ്ങുകളുടെ മുകൾ ഭാഗം മാത്രമേ കാണാൻ കഴിയുമാരുന്നുള്ളു. പതിനേഴ് ദിവസത്തെ മഴ കൊണ്ട് കഴിഞ്ഞപ്പോഴേക്കും തെക്കേ മലബാർ പൂർണ്ണമായും വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. മൊത്തത്തിൽ രണ്ടായിരത്തോളം വീടുകൾ നിലം പതിച്ചു.
6500 അടി ഉയരത്തിൽ നിന്നിരുന്ന മൂന്നാറിൽ പെയ്തിറങ്ങിയ മഴ മൂന്നാറിന്റെ ഭൂപടം തന്നെ മാറ്റി മറിച്ചു. മഴയോടൊപ്പം പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴ ആറിൽ ഉയർന്ന വെള്ളവും കൂടിയാണ് മൂന്നാറിനെ തകർത്തത്. മാട്ടുപ്പെട്ടിയിൽ സ്വയമേ ബണ്ട് രൂപീകരിക്കപ്പെട്ടു (ഇന്നത് മാട്ടുപ്പെട്ടി ഡാം). ഉരുൾപൊട്ടലുകളിൽ ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു. കുണ്ടളവാലി റെയിൽവേ എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റയിൽ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂർണമായി ഇല്ലാതാക്കി. പാലങ്ങൾ തകർന്നു. റെയിൽപാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എൻജിനുകളും ഒലിച്ചുപോയി. തേയില ഫാക്ടറികൾ നശിച്ചു.
ഇപ്പോഴത്തെ ഹെഡ്‌വർക്ക് ഡാം (മാട്ടുപ്പെട്ടി അണക്കെട്ടിൽ നിന്നുളള ജലം ഒഴുകിയെത്തുന്ന ഇപ്പോഴത്തെ ഹെഡ്‌വർക്ക് ഡാം) സ്ഥിതിചെയ്യുന്ന സ്ഥലം ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന ഒരു വൻ തടാകമായി മാറി. മഴതുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി. ഈ മലവെള്ളപ്പാച്ചിൽ അവസാനിപ്പിച്ചത് പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായിത്തന്നെ ഇല്ലാതായി. കോട്ടയത്ത് നിന്നും ഇപ്പോൾ കുമളിക്ക് പോകുന്ന റോഡിൽ ഒരു മലനിന്ന ഭാഗം വൻ കയമായി, ആ മല റോഡിലേക്ക് മാറി ഒരു കിലോമീറ്റെർ ദൂരം വലിപ്പമുള്ളതായി മാറി. 2018 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാം കണ്ടതാണ്, വെള്ളമിറങ്ങുപ്പോൾ പല വീടുകളിലും മുറ്റത്തും പ്രദേശത്തും എത്രയോ മീറ്റർ ഉയരത്തിൽ ചെളി അടിഞ്ഞുകൂടിയിരിക്കുന്നത്. അപ്പോൾ 1924 ൽ ഉണ്ടായ അവസ്ഥ എത്ര ഭീകരമായിരിക്കും.
1825, 1853, 1919, 1939, 1943, 1961, 1981, 1992, 2018, 2019, 2020, 2021 മുതലായ വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കങ്ങളും കേരളത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ നാശം വിതച്ചിട്ടുണ്ട്. സമാന രീതിയിൽ. 2018 മുതൽ ഇങ്ങോട്ടു ഇപ്പോൾ 2022 വരെയും തുടച്ചയായി എല്ലാവർഷവും വെള്ളപൊക്കം ഉണ്ടാകുന്നുണ്ട്.
വെള്ളപ്പൊക്ക കാരണങ്ങളും, സാധ്യമായ പരിഹാരങ്ങളും ഒക്കെ വിദഗ്ദന്മാർ തീരുമാനിക്കട്ടെ. ഗാഡ്ഗിലും,കസ്തൂരിരംഗനും, ഖനനവും, മലയോര ജീവിതങ്ങളും, വന വിസ്തൃതി കുറവും, വന നശീകരണവും, ഡാമുകളുടെ സ്ഥിതിയും, നഷ്ടപ്പെട്ടുപോയ 2300 ഓളം വരുന്ന നദികൈവഴികളും, നദികളുടെ ഇപ്പോഴത്തെ അവസ്ഥയും ഒക്കെ ചർച്ചകളിൽ നിറയട്ടെ.
പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഇപ്പോളും വെള്ളപ്പൊക്കത്തിൽ ആയിരകണക്കിന് മനുഷ്യർ മരിക്കുമ്പോൾ കേരളത്തിൽ അങ്ങനെ സംഭവിക്കാത്തത് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കുന്നതിനാലും നമ്മുടെ ആപത്തു സമയത്തുള്ള ഒത്തൊരുമയും കാരണമാണ്. എന്നാൽ പരിസ്ഥിതി വിഷയങ്ങൾ വരുമ്പോൾ നാം പല തട്ടിലാണ്. ഒറ്റമഴക്കുപോലും വെള്ളക്കെട്ടുണ്ടാവുന്ന സാഹചര്യങ്ങളിൽ അടിയന്തിര പരിഹാരങ്ങൾ വേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരിക്കുന്നു.
Jayan Koodal
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ