ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു. രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ്. ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതകൂടിയാണ് മുര്‍മു. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയെന്ന ഖ്യാതിയും ദ്രൗപദി മുര്‍മുവിന് സ്വന്തം.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വേദിയിലുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൗപദി മുര്‍മുവിനെ തന്റെ ഇരിപ്പിടത്തിലേക്ക് രാംനാഥ് കോവിന്ദ് ക്ഷണിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് രാഷ്ട്രപതി പറഞ്ഞു. ദളിതുകള്‍ക്കും സ്വപ്നം കാണാം എന്നതിന്റെ തെളിവാണ് തന്റെ ജീവിതം. ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുമെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദേശത്തില്‍ വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ