രക്തദാനത്തിന് പുതിയ മാനം നൽകി ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ "കൂടെപ്പിറപ്പ്" എന്ന ജനപക്ഷ-ജീവൻരക്ഷാ രക്ത ദാന പദ്ധതിക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളെജ് ബ്ലഡ് ബാങ്കിൽ തുടക്കമായി.
ഏതവസരത്തിലും, സാഹചര്യത്തിലും ആവശ്യമുള്ളവർക്ക് ഏത് ഗ്രൂപ്പിലുള്ള രക്തവും ലഭ്യമാക്കുന്നതാണ് പദ്ധതി.
ജില്ലയിലെ പ്രധാന രക്ത ശേഖരണ കേന്ദ്രമായ ഗവ. മെഡിക്കൽ കോളെജ് രക്തബാങ്ക് വഴിയായിരിക്കും ആവശ്യക്കാർക്ക് രക്തം നൽകുക. ബ്ലഡ് ബാങ്കിലെ രക്ത ശേഖരത്തിന്റെ കുറവറിഞ്ഞ് യഥാസമയങ്ങളിൽ കുറവ് നികത്തും. നേരത്തേ റെഡ് ക്രോസ്സിന്റെ ഏറെ ജനപ്രീതി നേടിയ രക്തബന്ധു പദ്ധതി യു.കെ യിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് നേടിയിരുന്നു.
കൂടെപ്പിറപ്പ് പദ്ധതിക്ക് റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ഹുസ്സൈൻ വല്ലാഞ്ചിറയുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ കോളെജ് ആർ.എം.ഒ ഡോ.സഹീർ നെല്ലിപ്പറമ്പൻ രക്ത ദാനത്തിന് തുടക്കം കുറിച്ചു. രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.മേരി ട്രീസ്സ, കൗൺസിലർ രാധിക, സ്റ്റാഫ് നഴ്സ് മഞ്ജുഷ, അസി.പ്രൊഫസർ പി.മുജീബ് റഹ്മാൻ, അബ്ദുൽ റഷീദ് സംസാരിച്ചു.