കറുത്ത കടലാള കേരളത്തിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒരു കടൽപക്ഷി....
പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന പക്ഷിയെ പറ്റി കേട്ടിട്ടുണ്ടോ...? തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ?
കറുത്ത കടൽ ആള (Sooty Tern) എന്ന ആ ഉലകം ചുറ്റും വാലിബൻ പറന്ന് പറന്ന് എൻറെ നാട്ടിലും എത്തി. മഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ വെച്ചാണ് അപൂർവമായി മാത്രം കണ്ടിട്ടുള്ള ഈ പക്ഷിയെ ഞാൻ ക്യാമറയിലാക്കിയത്.....
ശരാശരി 30 വർഷമാണ് കറുത്ത കടൽ ആളകളുടെ ആയുർദൈർഘ്യം. ഈ കാലയളവിൽ കരയിൽ വരുന്നത് അപൂർവ്വം . വിരിഞ്ഞിറങ്ങി പറക്കാൻ ആവുന്നതോടെ പറന്നു തുടങ്ങും.ഇത് തുടർച്ചയായി നാല് അഞ്ച് വർഷം( up to 10 years) നീണ്ടു നിൽക്കും. പിന്നീട് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കുറഞ്ഞ കാലം മാത്രം ആണ് ഇവ കരയിൽ എത്തുന്നത്. ഈ പറക്കലിന് ഇടയിലെ ഉറക്കമാണ് ബഹുരസം . ഒന്നോ രണ്ടോ സെക്കൻഡ് പറന്നു കൊണ്ട് ഉറങ്ങും. ഇങ്ങനെ വർഷങ്ങളോളം കടലിനു മുകളിൽ പറന്നു നടക്കും.
ലോകത്തിൽ 20 മില്യണിലധികം കറുത്ത കടലാളകൾ ഉണ്ടെന്നാണ് കണക്ക്. 40 കിലോമീറ്റർ വരെ വേഗത്തിൽ ഇവയ്ക്ക് പറക്കാനാവും. കുറഞ്ഞ ശരീരഭാരവും(200gm)നീളമേറിയചിറകുകളുമാണ് (wing span up to 80 cm) ഇവയെ ഇങ്ങനെ പറക്കാൻ സഹായിക്കുന്നത്.
പറന്നു കൊണ്ട് കടൽ പരപ്പിലെ ചെറുമീനുകളെ കോരിയെടുത്തു ഭക്ഷണം ആക്കുന്നതാണ് ഇവയുടെ രീതി. മറ്റു കടൽ പക്ഷികളെ പോലെ ഇവയുടെ ചിറകുകൾക്ക് എണ്ണമയം(water proof) ഇല്ല. അതുകൊണ്ടുതന്നെ വെള്ളത്തിൽ മുങ്ങി പൊങ്ങാൻ ഉള്ള കഴിവില്ല.
ശരീരത്തിൻറെ മുകൾഭാഗം കറുപ്പും തലയിലും അടിഭാഗത്തും വെളുപ്പും ആയാണ് ഇവയെ കാണുന്നത്. ഉൾക്കടലിലെ ആൾപാർപ്പില്ലാത്ത ദ്വീപുകളിൽ വലിയ ഗ്രൂപ്പുകളായി (more than 1000s) മണലിലും പാറയിടുക്കിലുമായാണ് ഇവ മുട്ടയിടുന്നത്. ഭൂമധ്യരേഖയോടു ചേർന്ന മിതശീതോഷ്ണ കടൽ പ്രദേശങ്ങളിലെല്ലാം ഇവയെ കാണാം. ആൻഡമാനിലും ലക്ഷദ്വീപിലും ഇവ കൂട്ടമായി പ്രജനനത്തിനായി എത്താറുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ