മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം
സാധാരണ ഗതിയില്‍ മരുഭൂമിയും മത്സ്യവും ഒരിക്കലും ചേരാത്ത രണ്ട് കാര്യങ്ങളാണ്. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തിന് വരണ്ടുണങ്ങിയ മണല്‍ത്തരികള്‍ നിറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ മരുഭൂമിയിലെ ഒരു കാഴ്ച ഈ ചിന്തയെ മാറ്റിമറിക്കും. കാരണം ഓസ്ട്രേലിയയിലെ തന്നെ മറ്റ് മേഖലകളിലും കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യം ഇവിടെ മരുഭൂമിയിലും ജീവിക്കുന്നുണ്ട്. മെലാറ്റോനിയാ സ്പ്ലെന്‍ഡിറ്റാ എന്ന ശാസ്ത്രീയ നാമമുള്ള റെയിന്‍ബോഫിഷ് എന്നു വിളിക്കുന്ന മത്സ്യമാണ് ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ അതിജീവനം കണ്ടെത്തിയത്.
മരുഭൂമിയില്‍ ഒരു വെള്ളക്കെട്ട് ഉണ്ടെങ്കില്‍ അവിടെ ഒരു മത്സ്യം അതിജീവിക്കുന്നതില്‍ അദ്ഭുതം എന്താണെന്നു ചിന്തിക്കാന്‍ വരട്ടെ. പ്രതികൂല സാഹചര്യത്തില്‍ പ്രകൃതിയില്‍ ജീവികള്‍ അതിജീവിക്കാന്‍ എങ്ങനെ പുതുവഴികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷ നല്‍കുന്ന ഉദാഹണം കൂടിയാണ് ഈ മത്സ്യം. സംശയമുണ്ടെങ്കില്‍ മത്സ്യത്തിന്‍റെ അതിജീവന വഴികള്‍ പരിശോധിച്ചാല്‍ മാത്രം മതി.
വെള്ളപ്പൊക്കമുണ്ട്, പക്ഷേ വെള്ളമില്ല
വര്‍ഷങ്ങളുടെ ഇടവേളയില്‍ മാത്രം മാത്രം മഴ ലഭിക്കുന്ന പ്രദേശമാണ് മധ്യ ഓസ്ട്രേലിയ. അതും പെയ്യുന്ന മഴ അധികമൊന്നും ഭൂമിയിലേക്ക് താഴാതെ പെട്ടെന്ന് തന്നെ വെള്ളപ്പൊക്കവും മറ്റുമായി കുത്തിയൊലിച്ച് കടന്നു പോകും. പക്ഷേ മഴ പെയ്യുന്ന അവസരത്തില്‍ ഈ മേഖലകളിലേക്ക് അടുക്കാന്‍ പറ്റാത്ത വിധം വലിയ അളവിലുള്ള ജലമാകും ഇവിടെയുണ്ടാകുക. ഉദാഹരണത്തിന് ഇപ്പോള്‍ ഓസ്ട്രേലിയയില്‍ മഴ പെയ്യുകയാണ്. ഇവിടെ മധ്യ ഓസ്ട്രേലിയയിലെ ഉള്‍നാടന്‍ മേഖലയില്‍ താമസിക്കുന്ന പ്രാദേശിക ജനതയ്ക്ക് ഭക്ഷണമെത്തിക്കാനായി ട്രക്കുകള്‍ ഏതാണ്ട് 3000 കിലോമീറ്ററാണ് യാത്ര ചെയ്യുന്നത്. സാധാരണ യാത്ര ചെയ്യാറുള്ള റോഡുകള്‍ കനത്ത മഴ മൂലം ഉപയോഗയോഗ്യമല്ല എന്നതിനാലാണ് ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വരുന്നത്.
മഴ പെയ്യുമ്പോള്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നതും, കുത്തിയൊലിച്ച് വെള്ളം വരുന്നതുമൊക്കെ അപ്പോള്‍ മത്സ്യങ്ങള്‍ക്ക് ഗുണം ചെയ്യുമല്ലോ എന്ന് ചിന്തിച്ചേക്കാം. എന്നാല്‍ ഇത്തരത്തില്‍ വെള്ളം ധാരാളമായി ലഭിക്കുമെങ്കിലും മരുഭൂമിയിലെ മണ്ണിന് ഈ വെള്ളം ശേഖരിച്ച് വയ്ക്കാനുള്ള ശേഷിയില്ല. അതുകൊണ്ട് തന്നെ ഭൂമിയിലേക്ക് ആഴത്തില്‍ ഇറങ്ങാതെ ഈ ജലമെല്ലാം ഒഴുകി അകലുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഈ മരുഭൂമിയിലെ മത്സ്യങ്ങളുടെ അതിജീവനവും വല്ലപ്പോഴുമെത്തുന്ന മഴയില്‍ ഭൂമിയിലേക്ക് താഴാതെ ഒഴുകി പോകുന്ന ഈ ജലത്തിന്‍റെ നേരിയ ഒരു അംശത്തെ ആശ്രയിച്ചാണ്.
പൊത്തുകളിലെ മത്സ്യങ്ങള്‍
ഒറ്റപ്പെട്ട പൊത്തുകളിലാണ് ഈ മഴവില്‍ മത്സ്യത്തെ ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ കണ്ടെത്താനാകുക. വെള്ളം കെട്ടിക്കിടക്കുന്ന ഇത്തരം പൊത്തുകളാണ് മഴയില്ലാത്ത മരുഭൂമിയില്‍ അതിജീവനത്തിന് ഇവയെ സഹായിക്കുന്നതും. ഇത്തരത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നതിനാല്‍ ഓരോ വെള്ളക്കെട്ടുകളിലുമുള്ള മത്സ്യങ്ങളെല്ലാം ഇതിനകം ജനിതകമായി ഏറെ വ്യത്യസ്തത ആർജിച്ചു കഴിഞ്ഞു എന്നതാണ് സത്യം. ഇതുവരെ നടത്തിയ പഠനത്തില്‍ ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ 18 ഇടങ്ങളിലാണ് ഈ മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളത്. ഈ 18 ഇടങ്ങളിലെയും മത്സ്യങ്ങളുടെ ജീനുകള്‍ പൊതുവെ വ്യത്യസ്തമായിരുന്നു എന്നതാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഫിഷ് ഔട്ട് ഓഫ് വാട്ടര്‍ അഥവാ വെള്ളത്തില്‍ നിന്ന് പുറത്ത് ചാടിയ മത്സ്യം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ മത്സ്യങ്ങളുടെ ജനിതക വ്യത്യസ്തതയെ പറ്റി വിവരിക്കുന്നത്. 8 വ്യത്യസ്ത ജനുസ്സുകളാണ് ഈ 18 ഇടങ്ങളിലായി ജീവിക്കുന്നതെന്ന് ഈ പ്രബന്ധത്തില്‍ പറയുന്നു.
പ്രധാനമായി രണ്ട് മേഖലകളിലായാണ് ഈ മഴവില്‍ മത്സ്യത്തിന്‍റെ സാന്നിധ്യമുള്ള പ്രദേശത്തെ തിരിച്ചിരിക്കുന്നത്. ഇതില്‍ കിഴക്കന്‍ മേഖലയിലുള്ള മത്സ്യങ്ങള്‍ താരതമ്യേന സുരക്ഷിതരാണ്. അരുവികളും മറ്റുമുള്ള ഈ പ്രദേശത്തെ ജലസാന്നിധ്യം മഴയുടെ അഭാവത്തില്‍ പോലും വര്‍ഷങ്ങള്‍ അതിജീവിക്കും. പക്ഷേ അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ജലത്തില്‍ ജീവനെ പിന്തുണക്കാന്‍ ആവശ്യമായ ധാതുക്കള്‍ ഉള്‍പ്പടെയുള്ള വസ്തുക്കളെ സാന്നിധ്യം കുറവാകും. ഇക്കാരണത്താല്‍ ഈ അരുവികള്‍ക്ക് ജീവിതസാഹചര്യം ഒരുക്കാന്‍ കഴിയുന്ന മത്സ്യങ്ങളുടെ എണ്ണവും അത്ര വലുതൊന്നുമല്ല.
വെല്ലുവിളികള്‍ അതിജീവനത്തിന് ഊര്‍ജമാകുമ്പോള്‍
അതേസമയം പടിഞ്ഞാറന്‍ മേഖലയിലെ മത്സ്യങ്ങളുടെ അതിജീവിനം കുറേക്കൂടി വെല്ലുവിളി നിറഞ്ഞതാണ്. ഇവിടെ വളരെ ആഴത്തിലുള്ള വെള്ളക്കെട്ടുകളില്‍ മാത്രമാണ് മത്സ്യങ്ങള്‍ക്ക് അതിജീവനം സാധ്യമാകുന്നത്. കിഴക്കന്‍ മേഖലയിലെ ജനുസ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പടിഞ്ഞാറന്‍ മേഖലയിലെ ഈ മത്സ്യങ്ങള്‍ക്ക് വലുപ്പവും കുറവാണ്. കിഴക്കന്‍ മേഖലയിലെ മത്സ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ മഴയുടേയും വെള്ളപ്പൊക്കത്തിന്‍റ അളവ് കുറവാണ്. ഇതിനാല്‍ തന്നെ കുറേക്കൂടി സ്ഥിരതയുള്ളതാണ് ഇവയുടെ അന്തരീക്ഷം. ഈ സ്ഥിരത തന്നെയാകും കുറഞ്ഞ വലുപ്പത്തിലൂടെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പാകത്തില്‍ ഈ ജനുസ്സുകളെ മാറ്റിയതെന്നും ഗവേഷകര്‍ കരുതുന്നു.
ഇതില്‍ മറ്റൊരു ശ്രദ്ധേയമായ കണ്ടെത്തല്‍ ഈ ചെറു മത്സ്യങ്ങളുടെ ജനിതക വൈവൈവിധ്യമാണ്. താരതമ്യേന മഴ ലഭിക്കുന്ന മേഖലയിലെ അരുവികളില്‍ ജീവിക്കുന്ന റെയിന്‍ബോ മത്സ്യങ്ങളെക്കാള്‍ ആഴമുള്ള സ്ഥിരതയുള്ള ചെറു വെള്ളക്കെട്ടുകളിലെ മഴവില്‍ മത്സ്യങ്ങള്‍ക്കാണ് ജനിതക വൈവിധ്യം കൂടുതല്‍. അതുകൊണ്ട് തന്നെ വലുപ്പക്കുറവ് ജനിത വ്യതിയാനത്തിലൂടെ പുതിയ ജീവിവര്‍ഗത്ത സൃഷ്ടിക്കുന്നതിന് ഒരു പരിമിതിയല്ലെന്ന് ഗവേഷകര്‍ വിവരിക്കുന്നു. മറിച്ച് വെല്ലുവിളികളെ മറികടക്കാനുള്ള ജീവിവര്‍ഗങ്ങളുടെ ശ്രമമാണ് ക്രമേണ ജനിതകമാറ്റത്തിലേക്കും പരിണാമത്തിലേക്കും നയിക്കുന്നതെന്നും ഈ പഠനം വിശദീകരിക്കുന്നു.
കടപ്പാട്:മനോരമ ഓൺലൈൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ