ലീഗ് എങ്ങിനെ വളർന്നു ലീഗ് എങ്ങിനെ സമുദായത്തെയും സമൂഹത്തെയൂം സംരക്ഷിച്ചു.......

നമ്മുടെ നവതലമുറയിലെ യുവജനതക്ക് നമ്മളെന്തിന് മുസ്ലീം ലീഗ് ആയി എന്നും, എന്തിനു വേണ്ടി ലീഗിൽ തുടരണം എന്നും വ്യക്തമായി അറിയില്ല.

അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ഉതകുമാറ് എനിക്കറിയുന്ന ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.

ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടൻ തുർക്കി ഖലീഫക്ക് കൊടുത്ത വാക്കുകൾ പാലിക്കാതെ വന്നപ്പോഴാണ് ആഗോള തലത്തിൽ ഖിലാഫത് സമരങ്ങൾ ആരംഭിക്കുന്നത്.

ലോകമെമ്പാടുമുള്ള മുസ്ലിംകൾ ഇതിൽ അണി നിരന്നു.
ഇന്ത്യയിലും ഖിലാഫത് സമരങ്ങൾ ഉണ്ടായി.
ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഇതിനെ പിന്തുണച്ചു കൊണ്ട് മുന്നോട്ട് വന്നു.
അദ്ദേഹം കോഴിക്കോട് വന്ന് ഖിലാഫത് സമരത്തിൽ അണി നിരക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയിൽ എല്ലായിടത്തും സമരങ്ങൾ ഉണ്ടായെങ്കിലും ആളപായമോ, ആളനക്കമോ ഇല്ലാത്ത തണുപ്പൻ സമരങ്ങൾ മാത്രമായിരുന്നു അവ.

പക്ഷെ മലബാറിൽ കഥ വേറെ ആയിരുന്നു.
ധീരയോദ്ധാക്കളുടെ വീരേതിഹാസമായ സൈനുദ്ധീൻ മഖ്ദൂമിന്റെ തുഫ്ത്തുൽ മുജാഹിദീൻ കേട്ടു വളർന്ന,
പിറന്ന നാട്ടിൽ അന്തസ്സോടെ ജീവിക്കാൻ ഒരു തെമ്മാടിക്കും കരം നൽകില്ലെന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപൻമാരോട് ഉച്ചൈസ്തരം പ്രഖ്യാപിച്ച ഉമർ ഖാളിയുടെ ധീരത കണ്ടു വീര്യമുൾക്കൊണ്ട് പടപ്പാട്ടുകളും കളരിമുറകളും പഠിച്ച മുസ് ലിംകൾ സമരം തുടങ്ങിയപ്പോൾ രക്തം ചിതറി.....
ബ്രിട്ടൺ തോറ്റോടി...
ലണ്ടൻ ടൈംസിൽ വാർത്ത വന്നു.... ബ്രിട്ടീഷ് പാർലമെന്റ് ഇളകി മറിഞ്ഞു...

ഇന്ത്യയിൽ ഉണ്ടായിരുന്ന മൊത്തം ബ്രിട്ടീഷ് സൈന്യത്തിന്റെ 25% മലബാറിലേക്ക് അയക്കാൻ ബ്രിട്ടൻ ഉത്തരവിട്ടു.

മാപ്പിളയെ കൊല്ലുന്നത് ക്രിമിനൽ കുറ്റം അല്ലാതാക്കി പ്രഖ്യാപിച്ചു ....
(മാപ്പിള ഔട്ട് റേജസ് ആക്ട് )
ബ്രിട്ടീഷ് പട്ടാളം മലബാർ ശവപ്പറമ്പാക്കി.
ആണുങ്ങളെ മുഴുവൻ വെടി വെച്ചു കൊന്നു.
വയോ വൃദ്ധരുൾപ്പെടെ നിരവധി പേരെ ആന്തമാനിലേക്ക് നാടു കടത്തി......

ഗാന്ധിയും, നെഹ്റുവും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് ദേശീയ നേതൃത്വം പേടിച്ചു വിറച്ചു.
അവരുടെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങിയ ഒരു വൻ സമൂഹത്തെ അവർ പാടെ കൈ ഒഴിഞ്ഞു.

ഞങ്ങൾ ആരോടും യുദ്ധം ചെയ്യാൻ പറഞ്ഞിട്ടില്ല,
പ്രതിഷേധം മാത്രമായിരുന്നു ലക്ഷ്യം എന്ന് പറഞ്ഞ് അവർ തടി തപ്പി.

ബ്രിട്ടീഷുകാർ ദയാദാക്ഷിണ്യമില്ലാതെ മാപ്പിള മക്കളെ കൊന്നൊടുക്കി കൊണ്ടിരുന്നു.
ഒരു നേരത്തെ അന്നത്തിനു വേണ്ടി പിഞ്ചു പൈതങ്ങൾ നിലവിട്ടു കരഞ്ഞു.
പട്ടിണിയും പരിവട്ടവും മരണസംഖ്പിന്നെയും ഉയർത്തി.

ഇന്നും മലപ്പുറത്തെ വീടുകളുടെ മുന്നിൽ ഒരുപാട് ഖബറുകളുണ്ട്. ആരോരുമില്ലാത്ത നമ്മുടെ ഉമ്മമാർ പരസഹായമില്ലാതെ തന്റെ ഉറ്റവരുടെ മയ്യത്തുകൾ വീട്ടുമുറ്റത്ത് തന്നെ മറവ് ചെയ്തുണ്ടായ ആയിരകണക്കിന് ഖബറിടങ്ങൾ..

പിറന്ന നാടിനെ പെറ്റുമ്മയേക്കാൾ സ്നേഹിച്ച മാപ്പിള മുസൽമാനെ സഹായിക്കാൻ ആരും തന്നെ വന്നില്ല.

മലബാറിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ഉത്തരേന്ത്യയിൽ ചേരി - ചൗരാ സംഭവം ഉണ്ടായി.
ബ്രിട്ടീഷ് ആർമിയിലെ 21 പട്ടാളക്കാരെ ജനങ്ങൾ കൊന്നു തള്ളി....

പക്ഷേ വീണ്ടും ദേശീയ നേതൃത്വം പൊടുന്നനെ അഹിംസയുടെയും ,ശാന്തിയുടെ വക്താക്കളായി.
പലരുടേയും വാക്ക് കേട്ടും പലതിനോടും കീഴടങ്ങിയും ഉത്തരേന്ത്യ ശാന്തമായി.

പക്ഷെ നമ്മുടെ നാട് പട്ടിണി കിടന്ന് ചാവാൻ തുടങ്ങി.
അന്ന് പഞ്ചാബിലെ സമീന്ദാർ പത്രത്തിൽ സർ സഫറുല്ലാഹ് ഖാൻ 38 ദിവസം തുടർച്ചയായി മലബാറിന്റെ കഷ്ടതകൾ വിവരിച്ചു ലേഖനം എഴുതി.

ഇതിൽ നിന്നും വീര്യമുൾക്കൊണ്ട പല ഉത്തരേന്ത്യൻ ധനാഢ്യരും മലബാറിൽ വന്നെങ്കിലും പ്രാദേശികമായ പിന്തുണ ലഭിച്ചില്ല.
ഒരാൾ കോഴിക്കോട് ഒരു യതീംഖാന തുടങ്ങി (ജെ.ഡി.ടി)

പക്ഷെ, അപ്പോഴും മലപ്പുറം തിരൂർ മഞ്ചേരി കൊണ്ടോട്ടി പരപ്പനങ്ങാടി മമ്പുറം താനൂർ തുടങ്ങിയ സ്ഥലങ്ങൾ പഴയ പടി തന്നെ നിലനിന്നു .

മലബാറിൽ രോഗങ്ങളും പട്ടിണിയും അരക്ഷിതാവസ്ഥയും മാത്രം.....
യുദ്ധാനന്തരം സ്ത്രീകളും കുട്ടികളും മാത്രം ബാക്കിയായി:
പട്ടിണി മരണം ഒരു സംഭവമേ അല്ലാതായി......

ആയിടക്കാണ് കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി ആയിരുന്ന സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മലപ്പുറത്ത് വരികയും കഷ്ടപ്പെടുന്നവർക്ക് സഹായങ്ങൾ ചെയ്തു പോരുകയും ചെയ്തത്.
പര പ്രേരണയില്ലാതെ തങ്ങൾ ചെയ്ത ആ സേവനങ്ങൾ നാടിന്റെ മനസ്സിനകത്ത് സുൽത്താന്റെ സ്ഥാനമാണ് നൽകിയത്.

ഈ ജീവകാരുണ്യത്തിൽ ആകൃഷ്ടരായി വാരിയംകുന്നത് കുഞ്ഞഹമദ് ഹാജി, ആലി മുസ്ല്യാർ, എന്നിവരും കൂടെ കൂടി,
അന്നിവർ എല്ലാവരും കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു,
ബാഫഖി തങ്ങൾ ഉൾപ്പെടെ.

ബാഫഖി തങ്ങൾ തന്റെ പ്രയത്നം അവിടം കൊണ്ട് നിർത്തിയില്ല.
ഒരു പാട് തൊഴിലാളികൾ കീഴിൽ ഉണ്ടായിരുന്ന അദ്ദേഹം
തൊഴിലാളികളെ സംഘടിപ്പിച്ച് മലബാറിൽ സർവേന്ത്യാ ലീഗ് ഉണ്ടാക്കി.

ഒരു മുതലാളി തന്റെ തൊഴിലാളികളെ രാഷ്ട്രീയമായി സംഘടിപ്പിച്ച ,
ലോക ചരിത്രത്തിലെ ഒന്നാമത്തെ സംഭവം ആയിരുന്നു അത്.

മലബാറിലെ പട്ടിണിപ്പാവങ്ങളായ ഉമ്മമാരുടെ മനസ്സിൽ ബാഫഖി തങ്ങൾ ഒരു അതിമാനുഷനായി മാറി.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യതീം ഖാനകൾ ഉണ്ടായി.
അന്ന് മലപ്പുറം മുഴുവനും യതീമുകൾ ആയിരുന്നു ഉറ്റവരും, ഉടയവരും, ധനവും, ഭവനവും വരെ നഷ്ടപ്പെട്ട യത്തീമുകൾ....

ഇതിനിടയിൽ പാവപ്പെട്ടവന്റെ പ്രത്യയശാസ്ത്രമായ കമ്മ്യൂണിസം ദൈവത്തെ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നു.
എന്നാൽ സത്യവിശ്വാസത്തിൽ അടിയുറച്ച ആ ജനത കമ്യൂണിസത്തെ തള്ളിക്കളഞ്ഞു.

അങ്ങനെ മദ്രാസ് സ്റ്റേറ്റിലേക്
ക് ഇലക്ഷൻ വന്നു.
(മലബാർ അന്ന് മദ്രാസ് സ്റ്റേറ്റിൽ ആയിരുന്നു.
ഇന്നത്തെ കേരളം ഉണ്ടായിരുന്നില്ല)

ലീഗും മത്സരിക്കാൻ ഇറങ്ങി. ഒറ്റയ്ക്കായിരുന്നു മത്സരം.
സ്ഥാനാർത്ഥികളെ കിട്ടാൻ വേണ്ടി ബാഫഖി തങ്ങൾക്ക് പത്ര പരസ്യം വരെ കൊടുക്കേണ്ടി വന്നിട്ടുണ്ട്.

ഇലക്ഷന്റെ ഒരാഴ്ച മുമ്പ് ബാഫഖി തങ്ങൾ അറബി മലയാളത്തിൽ അച്ചടിച്ച് ലീഗിനു വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ച് ഒരു നോട്ടീസ് എഴുതി തയ്യാറാക്കി
എണ്ണത്തിൽ തുലോം തുച്ചം വരുന്ന ലീഗുകാർ ഓരോ വീട്ടിലും കയറിയിറങ്ങി ആ നോട്ടീസ് കൊടുത്തു.

ബാഫഖി തങ്ങളുടെ നോട്ടീസാണെന്ന് കേട്ടപ്പോൾ നമ്മുടെ ഉമ്മമാർ കിണറ്റിനരികിൽ പോയി വുളു എടുത്താണ് ആ നോട്ടീസ് വാങ്ങിയത്.
കാരണം
ബാഫഖി തങ്ങൾ സദാസമയവും വുളു ' ഉള്ള ആളായിരുന്നു.
എപ്പോഴും കൈകളിൽ ഖുർആൻ ഉണ്ടാകും
(40 തവണ ഹജ്ജ് ചെയ്തിട്ടുണ്ട്.
ഹറമിൽ വച്ച് വഫാതായി
ഇപ്പോൾ ഖദീജ(റ) യുടെ അടുത്ത് വിശ്രമിക്കുന്നു.)

അത്രക്ക് ത്യാഗ നിർഭരമായിരുന്നു ലീഗിന്റെ തുടക്കം.
അല്ലാതെ ഒരു പെരുമഴയത്ത് മുളച്ചു പൊന്തിയ വിഷച്ചെടികളെ പോലെ ഉണ്ടായ പാർട്ടിയല്ലിത്.

മലപ്പുറത്തെ ശുഹദാക്കളുടെ ഭാര്യമാരുടെ, ഉമ്മമാരുടെ 'പൈതങ്ങളുടെ പ്രാർത്ഥനയുടെ പേര് മാത്രമാണ് മുസ്ലിം ലീഗ് ....
ആ ദുആ കളാണ് ലീഗിന്റെ ഇന്ധനം. അതു മാത്രമായിരുന്നു ലീഗിന്റെ പ്രതീക്ഷയും.

ഒടുവിൽ ഇലക്ഷൻ റിസൽറ്റ് വന്നു
ലീഗ് പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഒറ്റക്ക് മത്സരിച്ചു തന്നെ മലപ്പുറം, മഞ്ചേരി ,താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ 5 സ്ഥലങ്ങളിൽ ലീഗ് വിജയിച്ചു.

കോൺഗ്രസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ആ സഭയിൽ ഭൂരിപക്ഷം ഉണ്ടായില്ല.
അങ്ങനെ ലീഗിന്റെ മൂന്നു ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായപ്പോൾ ലീഗ് കോൺഗ്രസിനെ പിന്തുണച്ചു.
1. കുറ്റിപ്പുറം പാലം
2. ഫാറൂഖ് കോളേജിന് മദ്രാസ് യൂണിവേഴ്സിറ്റി അംഗീകാരം
കൊടുക്കൽ
3. കോഴിക്കോട് പൂട്ടിക്കിടന്നി
രുന്ന നടക്കാവ് പള്ളി
തുറന്ന് കൊടുക്കൽ

അങ്ങനെ കാലം കടന്നു പോയി
1947 ൽ ഇന്ത്യയും പാക്കിസ്ഥാനും സ്വാതന്ത്ര്യം നേടി.
1948 മാർച്ച് മാസം 1ഠാം തിയ്യതി മഹാനായ ഖായിദേമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രൂപീകൃതമായി .

1956 ൽ കേരളം ഉണ്ടായപ്പോൾ സീതി സാഹിബിന്റേയും ഉപ്പി സാഹിബിന്റേയും പൂക്കോയ തങ്ങളുടേയും നേതൃത്വത്തിൽ കേരളത്തിലും മുസ്ലീം ലീഗ് നിലവിൽ വന്നു,

അങ്ങിനെ 1957-ൽ കേരളത്തിൽ ആദ്യമായി ഇലക്ഷൻ നടന്നു.
ലീഗിന് 8 സീറ്റ് കിട്ടി.
ലീഗ് പരസ്യമായി പിന്തുണ കൊടുക്കുകയും വിജയിക്കുകയും ചെയ്ത
(ജസ്റ്റിസ് കൃഷ്ണയ്യർ - തലശേരി ഉൾപ്പെടെ)
5 സ്വതന്ത്രൻമാരെ മന്ത്രിമാരാക്കി
ഇ.എം.സ് കേരളത്തിലെ ആദ്യത്തെ മുഖ്യ മന്ത്രി ആയി.

കാലം പിന്നേയും കടന്നു പോയി
കേരള രാഷ്ട്രീയത്തിൽ ലീഗിന്റെ സ്വീകാര്യതയും ഏറി വന്നു .
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട മലബാറിലെ കലാപത്തിന്റെ കനലുകൾ പേറുന്ന ആ ഉമ്മമാരുടെ കനവിലെ പാർട്ടിയായിരുന്നു അന്നും ലീഗ് ....

പിന്നീട് നടന്ന ഇലക്ഷനിൽ
ലീഗ് - സി.പി.ഐ .എം സഖ്യം ഉണ്ടായി.
അന്ന് ലീഗിന്റെ ഡിമാന്റുകൾ ഇം.എം.എസ് അംഗീകരിച്ചു.
1. മലപ്പുറം ജില്ല .
2. മലബാർ സമരത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളേയും സ്വാതന്ത്ര്യ സമര സേനാനികളായി അംഗീകരിക്കൽ
3. അവർക്കും കുടുംബത്തിനും പെൻഷൻ
4. അവർക്ക് കേന്ദ്ര പെൻഷൻ
5. കാലിക്കറ്റ് യൂണിവേഴ്സിറ്റി
6. കെട്ടിടം ഉള്ള മദ്രസകളെ സ്കൂളായി അംഗീകരിക്കൽ (മാപ്പിള സ്കൂൾ)
7. ഭരണ പങ്കാളിത്തം

അന്ന് ലീഗിന് 12 സീറ്റ് കിട്ടി.
സി.എച്ചും പോക്കർ സാഹിബും മന്ത്രി മാരായി.
ജാഫർ ഖാൻ D. സ്പീക്കറായി.

പിന്നീട് പിന്തിരിഞ്ഞു നോക്കാത്ത വിജയത്തിന്റെ നീണ്ട വർഷങ്ങൾ,
ഇതിനിടയിൽ, സ്പീക്കറും, ചീഫ് വിപ്പും, ഉപമുഖ്യമന്ത്രിമാരും തുടങ്ങി
CH മുഹമ്മദ് കോയ സാഹിബിലൂടെ മുഖ്യമന്ത്രി വരെയായി ഈ പാർട്ടിക്ക്.

ഒടുവിൽ 2004-2006 കാലത്തെ ഒരു ചെറിയ തകർച്ച പ്രവർത്തകരുടെ തുടർ വിജയത്തിന്റെ ആലസ്യം മാറ്റാനും നേതാക്കളുടെ വീണ്ടു വിചാരത്തിനും ഇട നൽകി

ആ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന ദീഷണാശാലിയായ നേതാവിനു കീഴിൽ നഷ്ടപ്പെട്ടതിന്റെ പതിന്മടങ്ങു നേടി
കേന്ദ്ര മന്ത്രി പദവിയും,
കേന്ദ്ര വഖഫ് ,
ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഉൾപ്പെടെ
ഉന്നത സ്ഥാനങ്ങൾ പലതും നേടി

2011 ൽ 24 ൽ 20 MLA മാരും
5 മന്ത്രിമാരുമായി ലീഗ് രാഷ്ട്രീയ പാർട്ടി വൻ തിരിച്ചു വരവ് നടത്തുന്നതു വരെ പ്രവർത്തകർക്കും നേതാക്കന്മാർക്കും വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.

ആ ആവേശവും ഉർജ്ജവും ഒട്ടും ചോരാതെ തന്നെയാണ് ലീഗ് 2016ലെ തിരഞ്ഞെടുപ്പിനെ നേരിട്ടതും,

കൂടെയുളളവരെല്ലാം ഉപ്പ് വെച്ച കലം പോലെ ആയിട്ടും 18 സീറ്റുമായി ലീഗ് തലയുയർത്തി തന്നെ നിന്നു.

നമ്മുടെ പൂർവ്വികരായ നേതാക്കന്മാർ സർവ്വവും സഹിച്ച് വാനിലുയർത്തിയ
ഈ ഹരിത പതാക തളരാതെ തകരാതെ കണ്ണിലെ കൃഷണമണി പോലെ കാത്തു സൂക്ഷിക്കണം നാം...

ഒരു വേട്ടക്കാരന്റെ തോക്കിനു മുന്നിലും താഴ്ത്തി കൊടുക്കരുതീ പൊൻ കൊടി,

അത്രമേൽ ത്യാഗ നിർബലമായാണ് നമ്മുടെ മുൻ തലമുറ നമുക്കീ ഹരിതപതാക കൈമാറി തന്നത്.

മുസ്ലീം ലീഗിന്റെ ആവിർഭാവത്തെ കുറിച്ചറിയാത്ത നമ്മുടെ കൊച്ചനുജൻമാർക്ക് ഒരു വിവരണം മാത്രമാണ് ആഗ്രഹിച്ചത്. നമ്മുടെ വരും തലമുറക്ക് ഇത്തരം അറിവുകൾ നൽകണം.....